Friday, May 10, 2024
keralaNewsObituary

യുവനടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു

എറണാകുളം: ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവ നടി ലക്ഷ്മിക സജീവന്‍ എന്ന രേഷ്മ (24) അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം.ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്ത് വരികയായിരുന്നു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഒരു യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. മാറ്റി നിര്‍ത്തപ്പെടുന്നവരുടെ അവസ്ഥ തുറന്നു പറയുന്ന കഥയുമായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ഹ്രസ്വചിത്രമായിരുന്നു കാക്ക. അതിലെ നായിക ആയാണ് ലക്ഷ്മി അഭിനയിച്ചത്. പഞ്ചമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. നിറത്തിന്റെ പേരില്‍ വീട്ടുകാരില്‍ നിന്നുപോലും അവഗണനകള്‍ നേരിടുന്ന പഞ്ചമി പിന്നീട് തന്റെ കുറവിനെ പോസിറ്റീവായി കാണുകയും സധൈര്യം നേരിടുകയും ചെയ്യുന്നതാണ് കാക്കയിലെ കഥ. ശാരീരിക വൈകല്യങ്ങളുടെ പേരില്‍ പരിഹസിക്കപ്പെടുന്ന മാറ്റിനിര്‍ത്തപ്പെടുന്ന മനുഷ്യരുടെ അതിജീവനത്തിന്റെ കഥ കൂടിയാണിത്.