Sunday, May 12, 2024
keralaNewspolitics

കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡ് സി പി എം ചര്‍ച്ചചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി; മറുപടി പറയേണ്ടത് മുഖ്യമന്ത്രിയെന്ന് ആനത്തലവട്ടം ആനന്ദന്‍

കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡ് സി പി എം ചര്‍ച്ചചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. അതിനുശേഷം പാര്‍ട്ടി അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.വിജിലന്‍സ് റെയ്ഡിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുമിച്ചിരുന്നുളള ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അതിനുശേഷം അതിനെക്കുറിച്ചുളള അഭിപ്രായം ഞങ്ങള്‍ പറയും. കെ എസ് എഫ് ഇ നല്ല രീതിയില്‍ കൊണ്ടുപാേകാനാണ് ശ്രമം. പ്രതിപക്ഷനേതാവ് പലതും പറയും. അദ്ദേഹത്തിന് നേരെയാണ് വിജിലന്‍സ് അന്വേഷണമെങ്കില്‍ വിജിലന്‍സ് മോശമാണ്. അല്ലെങ്കില്‍ നല്ലതാവും. ഇരട്ടത്താപ്പ് അദ്ദേഹത്തിന്റെ സഹജ സ്വഭാവമാണ്-വിജയരാഘവന്‍ പറഞ്ഞു.നേരത്തേ വിജിലന്‍സ് പരിശോധനയെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തിയിരുന്നു. റെയ്ഡിന് പിന്നില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാകാമെന്ന് സംശയിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

കെ എസ് എഫ് ഇ വിശ്വാസ്യതയും സല്‍പ്പേരുമുള്ള സ്ഥാപനമാണ്. റെയ്ഡ് അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു. ഇക്കാര്യങ്ങളില്‍ ഔദ്യോഗിക മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ്. ആരാണ് പരാതിക്കാരെന്ന് വിജിലന്‍സ് വ്യക്തമാക്കണം. സര്‍ക്കാര്‍ താല്‍പര്യമാണ് വിജിലന്‍സ് സംരക്ഷിക്കേണ്ടത്. വിജിലന്‍സ് റെയ്ഡ് വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിജിലന്‍സിനെ തളളി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരന്നു.