Saturday, May 4, 2024
GulfindiaNews

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍  അന്തരിച്ചു.

അബുദാബി :യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ (73) അന്തരിച്ചതായി പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നു ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം പ്രസ്താവനയില്‍ പറഞ്ഞു. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 നവംബര്‍ 3 മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയാണ്.

പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്. 1948 സെപ്റ്റംബര്‍ 7ന് ജനിച്ച ഷെയ്ഖ് ഖലീഫ, 1971ല്‍ യുഎഇ രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇരുപത്താറാം വയസ്സില്‍ ഉപപ്രധാനമന്ത്രിയായി. അഞ്ചു വര്‍ഷത്തിനു ശേഷം 1976 മേയില്‍ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി നിയോഗിക്കപ്പെട്ടു. പ്രസിഡന്റ് എന്ന നിലയില്‍ സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ തലവന്‍ കൂടിയായിരുന്നു ഖലീഫ.