Monday, May 13, 2024
Newsworld

സെപ്തംബര്‍ 11; ലോകം കണ്ട ഏറ്റവും ഹീനമായ ഒരു ചാവേര്‍ കൂട്ടക്കുരുതി

രണ്ടു പതിറ്റാണ്ടു മുന്‍പ് ഇതേ ദിവസം അമേരിക്കന്‍ ഐക്യനാടുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ആധുനിക ലോകം കണ്ട ഏറ്റവും ഹീനമായ ഒരു ചാവേര്‍ കൂട്ടക്കുരുതി മാത്രമല്ല സംഭവിച്ചത്. പിന്നീട് ഇങ്ങോട്ടുള്ള ലോകക്രമത്തിന്റെ ജാതകം തന്നെ മാറി മറിഞ്ഞു. അതില്‍പ്പിന്നെ ഒന്നും പഴയതുപോലെ ആയില്ല വെടിക്കോപ്പുകളും വിള്ളലേല്‍പ്പിക്കുന്ന പുതിയ സംഘര്‍ഷ ഭൂമികള്‍, കൂടുതല്‍ കൂടുതല്‍ പടകുടീരങ്ങള്‍ , പുതിയ ഭയാശങ്കകള്‍ , പുതിയ ശത്രുക്കള്‍ , മരണം പെയ്ത വര്‍ഷങ്ങള്‍ , നിലയ്ക്കാത്ത പലായനങ്ങള്‍. സെപ്റ്റംബര്‍ 11 ലോകത്തെ കൂടുതല്‍ അശാന്തമാക്കി. ലോകവ്യാപാര കേന്ദ്രം നിലംപൊത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ ആയിരുന്നവരാണ് ഇന്നത്തെ അമേരിക്കന്‍ യുവത്വം. അവരുടെയടക്കം ലോകവീക്ഷണത്തെ , മാനസിക നിലയെ സെപ്റ്റംബര്‍ 11 മാറ്റി. ആഭ്യന്തര യുദ്ധത്തിന് ശേഷം അമേരിക്ക അകമേയുള്ള സംഘര്‍ഷങ്ങളില്‍ ഇത്രയധികം ഉലഞ്ഞുപോയ ഒരു കാലം വേറെയില്ല.

സംശയവും പകയും ഉത്കണ്ഠയും ഭീതിയും കുടിയേറ്റ വിരുദ്ധതയും നിറഞ്ഞ മനോഭാവത്തെ ലോകം പിന്നീട് 9/11 മനോനിലയെന്ന് പേരിട്ടു വിളിച്ചു. സെപ്റ്റംബര്‍ 11 സൃഷ്ടിച്ച യുദ്ധം അഫ്ഗാനിസ്ഥാനില്‍ മാത്രമായിരുന്നില്ല. ശീത യുദ്ധാനന്തരം വീണ്ടും ലോകം രണ്ടായി വിഭജിക്കപ്പെട്ടു , അമേരിക്കയോട് ചേര്‍ന്ന് നില്‍ക്കുന്നവരും അല്ലാത്തവരും. അമേരിക്കയുടെ മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളുടെയും രാഷ്ട്രീയ , സാമ്പത്തിക , പ്രതിരോധ തീരുമാനങ്ങളെ സെപ്റ്റംബര്‍ 11 ഇന്നും സ്വാധീനിക്കുന്നു. വലിയ ആഗോള ആയുധ വിപണികള്‍ തുറന്നു. മധ്യ പൗരസ്ത്യ ദേശങ്ങളിലും തെക്കന്‍ ഏഷ്യയിലും കൂടുതല്‍ ആയുധശാലകള്‍ ഒരുങ്ങി. 2001 ഒക്ടോബറില്‍ അഫ്ഘാന്‍ ആക്രമണം , 2003 മാര്‍ച്ചില്‍ ഇറാഖ് ആക്രമണം , ലെബനോനിലും ഇസ്രയേലിലും സിറിയയിലും സംഘര്‍ഷം മൂര്‍ച്ഛിച്ചു. പാകിസ്ഥാന്‍ കൂടുതല്‍ അസ്ഥിരമായി. ഇതിലൊക്കെയും സെപ്റ്റംബര്‍ 11 ഒരു ഘടകമായി.

അഫ്ഗാനില്‍ മാത്രം ഒന്നരലക്ഷം ജീവനുകള്‍ പൊലിഞ്ഞു. യമനില്‍ തൊണ്ണൂറായിരം , ഇറാഖില്‍ മൂന്നു ലക്ഷം , പാകിസ്ഥാനില്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അറുപതിനായിരം , അങ്ങനെ കൂടുതല്‍ ജീവനുകള്‍ പോളിയനും പുതിയ യുദ്ധമുഖങ്ങള്‍ തുറക്കാനും സെപ്റ്റംബര്‍ 11 കാരണമായി. സെപ്റ്റംബര്‍ 11 നു ശേഷമുള്ള രണ്ടു പതിറ്റാണ്ട് എന്തെല്ലാം കണ്ടു ! അന്ന് തുടങ്ങിയ എന്തെല്ലാം വിപത്തുകള്‍ ഇന്നും തുടരുന്നു ! ആദ്യമായും അവസാനമായും സെപ്റ്റംബര്‍ 11 ഓര്‍മിപ്പിക്കുന്നത് ഒരേയൊരു പടം, ഭീകരതയും യുദ്ധവും , അത് ഏതു തരത്തില്‍ ഉള്ളതാണെങ്കിലും വേദനയും കണ്ണീരും ദുരന്തവും മാത്രമാണ് അവശേഷിപ്പിക്കുന്നത്.