Saturday, May 4, 2024
keralaNewspolitics

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം:മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാണക്കാട്ട് നടന്ന നേതൃയോഗത്തിന് ശേഷം ലീഗ് അധ്യക്ഷനാണ് കേരളത്തിലെയും തമിഴ് നാട്ടിലെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രാജ്യസഭാ സീറ്റിലെക്കുള്ള സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.  ഇടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തും അബ്ദുസമ്മദ് സമദാനി പൊന്നാനിയിലും മല്‍സരിക്കും. സീറ്റ് നല്‍കണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം അംഗീകരിച്ചില്ല. ഇടിയുടെ പ്രായവും പാര്‍ട്ടി നേതാവെന്ന നിലയ്ക്കുള്ള തിരക്കുകളും പരിഗണിച്ചാണ് പൊന്നാനിക്ക് പകരം മലപ്പുറം നല്‍കിയത്.

സമദാനിയെ രാജ്യസഭയിലേക്ക് അയക്കുന്ന കാര്യം ആലോചിച്ചെങ്കിലും യൂത്ത് ലീഗ് കൂടി സീറ്റിനായി രംഗത്തെത്തിയതോടെ തര്‍ക്കം ഒഴിവാക്കാന്‍ സമദാനിയെ തന്നെ നിയോഗിക്കുകയാരുന്നു. ലീഗ് വിമതനാണ് പൊന്നാനിയിലെ എതിര്‍സ്ഥാനാര്‍ത്ഥിയെന്നതും സമദാനിക്ക് അനുകൂല തിരുമാനമെടുക്കാന്‍ കാരണമായി. സമുദായ സംഘടനകളുമായി നല്ല ബന്ധം പുലര്‍ത്തുന്ന നേതാവാണ് സമദാനിയെന്നതും അനുകൂല ഘടകമായി.

മൂന്നാം സീറ്റെന്ന ആവശ്യവുമായി മുന്നോട്ട് പോകാതിരുന്നതിന്റെ സാഹചര്യം ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിശദീകരിച്ചു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെക്കുള്ള ചര്‍ച്ചകളും നടത്തിയില്ല. പൊന്നാനിയില്‍ അനുകൂല അന്തരീക്ഷമാണെന്ന് സമദാനി പ്രതികരിച്ചു.എതിരാളി ശക്തനാണെന്ന് കരുതുന്നില്ല.സമസ്തയുടെ ഉള്‍പ്പെടെ വോട്ടുകള്‍ ലീഗിന് തന്നെ കിട്ടും.ഒരു ഭിന്നിപ്പും ഉണ്ടാകില്ലെന്നും സമദാനി പ്രതീക്ഷ പ്രകടിപ്പിച്ചു.

മലപ്പുറത്ത് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സ്വന്തം നാട്ടുകാരോട് വോട്ട് ചോദിക്കാനുള്ള അവസരമാണിത്. പാര്‍ട്ടി നിയോഗ പ്രകാരമാണ് സീറ്റുകള്‍ വെച്ച് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി