Tuesday, May 7, 2024
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഘടനാപരമായി സുരക്ഷിതം : കേന്ദ്ര ജല കമ്മീഷന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഘടനാപരമായി സുരക്ഷിതമാണെന്ന് വ്യക്തമാക്കി കേന്ദ്ര ജല കമ്മീഷന്‍. പ്രളയവും, ഭൂചലനവും ഉള്‍പ്പെട്ട പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ അണക്കെട്ട് പ്രാപ്തമാണെന്നും ചൂണ്ടിക്കാട്ടി കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചത് ഏകപക്ഷീയമായോ നിയമവിരുദ്ധമായോ അല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.കേന്ദ്ര ജലകമ്മീഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ നിതിന്‍ കുമാര്‍ ആണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.അണക്കെട്ടിന്റെ വിശദമായ പരിശോധനകള്‍ക്ക് ശേഷം ആണ് സുപ്രീം കോടതി രൂപീകരിച്ച ഉന്നത അധികാര സമിതി അണക്കെട്ട് സുരക്ഷിതം ആണെന്ന് കണ്ടെത്തിയത് എന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച മേല്‍നോട്ട സമിതി അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷയുടെ മേല്‍ ഭരണഘടന ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്ക് എതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ആണ് കേന്ദ്ര ജല കമ്മീഷന്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. ഉപസമിതി രൂപീകരണം ഭരണഘടന ബെഞ്ചിന്റെ വിധിക്ക് വിരുദ്ധം അല്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് . അതെ സമയം മേല്‍നോട്ട സമിതി അധികാരങ്ങള്‍ ഉപസമിതിക്ക് കൈമാറിയിട്ടില്ല എന്നും കേന്ദ്ര ജല കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി .കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫ് , കോതമംഗലം ബ്‌ളോക്ക് പഞ്ചായത്തിലെ അംഗങ്ങള്‍ ആയ ഷീല കൃഷ്ണന്‍കുട്ടി, ജെസ്സി മോള്‍ ജോസ് എന്നിവരാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നത്. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തി ആണ് തമിഴ് നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് .അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചതിന് എതിരെ കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മരുമകന്‍ ഡോക്ടര്‍ ജോ ജോസഫ് നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. ഇതിന് മുന്നോടി ആയാണ് കേന്ദ്ര ജല കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.