Friday, May 10, 2024
keralaNewspolitics

കോട്ടയത്ത് 4 സീറ്റിനായി ജോസഫ്; 3 തരാമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് (ജോസഫ്) ചര്‍ച്ചകളില്‍ തീരുമാനമാകാതെ യുഡിഎഫ് സീറ്റ് ധാരണ വൈകുന്നു. 2 റൗണ്ട് ചര്‍ച്ചയ്ക്കുശേഷവും കോട്ടയം ജില്ലയിലെ സീറ്റുകളെ ചൊല്ലിയാണു തര്‍ക്കം. ജില്ലയിലെ 9 സീറ്റുകളില്‍ മാണി സി.കാപ്പന്‍ മത്സരിക്കുന്ന പാലാ ഒഴികെയുള്ള 8 സീറ്റുകള്‍ തുല്യമായി പങ്കിടാമെന്നാണു പി.ജെ. ജോസഫിന്റെ നിലപാട്. കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ നിര്‍ബന്ധമായും വേണമെന്നും കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവയിലൊന്നു വിട്ടുനല്‍കാമെന്നും പറയുന്നു. കടുത്തുരുത്തിയും ചങ്ങനാശേരിയും നല്‍കാമെന്നും പൂഞ്ഞാര്‍ പരിഗണിക്കാമെന്നും കോണ്‍ഗ്രസ് മറുപടി നല്‍കി. എന്നാല്‍, ഏറ്റുമാനൂരും കൂടിയേ തീരൂ എന്ന ജോസഫ് ഗ്രൂപ്പിന്റെ കടുംപിടിത്തത്തില്‍ ചര്‍ച്ച വഴിമുട്ടി.

യുഡിഎഫിലെ മറ്റു പാര്‍ട്ടികളുമായി ഏകദേശ സീറ്റ് ധാരണയായി. മുസ്ലിം ലീഗിന് ബേപ്പൂര്‍, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകള്‍ കൂടി അധികമായി ലഭിക്കും. ഇതോടെ ലീഗിനു മൊത്തം 27 സീറ്റ്. ലീഗ് മത്സരിച്ചിരുന്ന ബാലുശ്ശേരി കോണ്‍ഗ്രസ് ഏറ്റെടുത്ത്, പകരം കുന്നമംഗലം നല്‍കും. ചടയമംഗലം ലീഗിനു കൈമാറി, പുനലൂരില്‍ കോണ്‍ഗ്രസ് മത്സരിക്കും. മാണി സി.കാപ്പന്റെ നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരളയ്ക്കു (എന്‍സികെ) പാലായ്ക്കു പുറമേ എലത്തൂര്‍ കൂടി നല്‍കും. ഇതോടെ എന്‍സിപി മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എന്‍സികെ സ്ഥാനാര്‍ഥി വരും. ആര്‍എസ്പി കയ്പമംഗലത്തിനു പകരം അമ്പലപ്പുഴ ചോദിച്ചെങ്കിലും ലഭിക്കാനിടയില്ല. സിഎംപിക്കു നെന്മാറ നല്‍കും. കേരള കോണ്‍ഗ്രസ് (ജേക്കബ്) സിറ്റിങ് സീറ്റായ പിറവത്തു തന്നെ മത്സരിക്കും. ഫോര്‍വേഡ് ബ്ലോക്കിനും ഭാരതീയ നാഷനല്‍ ജനതാദളിനും ഓരോ സീറ്റ് കിട്ടിയേക്കും. ചാത്തന്നൂര്‍ വേണമെന്ന ഉറച്ച നിലപാടിലാണ് ഫോര്‍വേഡ് ബ്ലോക്ക്. മലമ്പുഴയാകും ദള്‍ വിഭാഗത്തിനു നല്‍കുക.കേരള കോണ്‍ഗ്രസുമായി (ജോസഫ്) ധാരണയായിരുന്നെങ്കില്‍ ഇന്നലെ യുഡിഎഫ് യോഗത്തിനുശേഷം അന്തിമ പ്രഖ്യാപനമുണ്ടാകുമായിരുന്നു. ചര്‍ച്ച തുടരുകയാണെന്നും 2 ദിവസത്തിനകം അന്തിമ ധാരണയാകുമെന്നും നേതാക്കള്‍ പറയുന്നു.