Saturday, May 4, 2024
keralaNews

മുന്നാക്ക സമുദായപട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എന്‍എസ്എസ്

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും ആ വിഭാഗത്തിന് അതിന്റെ പ്രയോജനം വേണ്ടവണ്ണം ലഭിക്കുന്നില്ലെന്ന് എന്‍എസ്എസ്. ഇത് സംസ്ഥാനത്ത് നടപ്പാക്കിയതിലെ അപാകമാണ് കാരണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. മുന്നാക്ക കമ്മീഷന്‍ മുന്നാക്ക സമുദായങ്ങളുടെ പട്ടിക ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് 2019-ല്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ അത് അംഗീകരിച്ചു, പക്ഷെ മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിച്ചില്ല. അതാണ് സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം മുന്നാക്ക വിഭാഗത്തിന് ലഭിക്കാത്തതിന്റെ കാരണം.

സാമ്പത്തിക സംവരണത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കെ, മുന്നാക്ക സമുദായ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സംവരണം നേടാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചാല്‍ മാത്രമേ ഏതൊക്കെ സമുദായങ്ങള്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ടെന്ന് നിശ്ചയിക്കാന്‍ കഴിയൂ. മുന്നാക്ക സമുദായപട്ടിക താമസം കൂടാതെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതായും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.