Monday, April 29, 2024
keralaNews

എരുമേലി പ്രൈവറ്റ് ബസ്റ്റാന്റ് രേഖാമൂലം പഞ്ചായത്ത് ഏറ്റെടുക്കും.

കയ്യേറ്റം അളക്കാന്‍ തീരുമാനിച്ചു.

എരുമേലി :1984 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ
എരുമേലി പ്രൈവറ്റ് ബസ്റ്റാന്റ് രേഖാമൂലം ഗ്രാമ പഞ്ചായത്ത് ഏറ്റെടുക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി എം.എന്‍ വിജയന്‍ പറഞ്ഞു. കഴിഞ്ഞ 37 വര്‍ഷമായി പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്ന ബസ് സ്റ്റാന്‍ന്റ് കെട്ടിടം രേഖാമൂലം പഞ്ചായത്തിന്റെ പേരിലാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.

പഞ്ചായത്തിന്റെ ബസ്റ്റാന്റ് വക സ്ഥലത്ത് കയ്യേറ്റം നടന്നിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബസ് സ്റ്റാന്‍ന്റ് പഞ്ചായത്തിന്റെ പേരിലല്ലെന്ന് കണ്ടെത്തിയത് .സ്ഥലത്തിന്റെ ആധാരമടക്കം രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്തിന്റെപേരിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെന്നും സെക്രട്ടറി കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു .

ബസ് സ്റ്റാന്‍ ന്റില്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്നും – താലൂക്ക് സര്‍വ്വേയര്‍ക്ക് സ്ഥലം അളക്കാന്‍ കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. എരുമേലി സ്വദേശിയായിരുന്ന പനച്ചിയില്‍ എം .മൊയ്ദീന്‍ റാവുത്തര്‍ നല്‍കിയ സ്ഥലത്താണ് 20/11/1980 പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന ആര്‍ . എസ്. ഉണ്ണി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കലിടുന്നത് . തുടര്‍ന്ന് 11/06/1984 ല്‍ അന്നത്തെ കേരള ഗവര്‍ണ്ണറായിരുന്ന പി. രാമചന്ദ്രന്‍ എരുമേലി ബസ് സ്റ്റാന്‍ന്റ് കെട്ടിടം ഉദ്ഘാടനവും നടത്തിയിരുന്നു . എരുമേലി തെക്ക് വില്ലേജ് ഓഫീസ് , പഞ്ചായത്ത് ലൈബ്രറി,പി.ഡബ്യു.ഡി റോഡ് വിഭാഗം എന്നീ ഓഫീസുകള്‍ മാത്രമാണ് ഇരു നിലകളായുള്ള ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് .എന്നാല്‍ കഴിഞ്ഞ 37 വര്‍ഷത്തിനിടെ ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും കെട്ടിടം ഇന്നും ശോചനീയാവസ്ഥയിലാണ് .

കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നതും , മഴയത്ത് ചോര്‍ന്ന് ഒലിക്കുന്നതുമെല്ലാം കെട്ടിടത്തെ അപകടാവസ്ഥയിലാക്കിയിരുന്നു.അടുത്തിടെ കെട്ടിത്തിന് മുകളില്‍ ഷീറ്റ് വിരിക്കുകയും ചെയ്തിരുന്നു.പുതിയ ബസ് സ്റ്റാന്‍ന്റ് നിര്‍മ്മിക്കാന്‍ മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതികള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാനാ കേന്ദ്രമായ എരുമേലിയിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ന്റിന്റെ അവഗണനക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇടപെടുകയും ചെയ്തിരുന്നു.