Tuesday, May 7, 2024
keralaNewspolitics

മഷിയിട്ടു നോക്കിയാലും കിട്ടാത്ത രഹസ്യക്കൂട്ടിലെ മായാമഷി; രഹസ്യം കമ്പനിക്കു മാത്രം സ്വന്തം

വോട്ടര്‍മാരുടെ വിരലില്‍ മഷി അടയാളം ചാര്‍ത്താന്‍ വേണ്ടി ഇത്തവണ ജില്ലയില്‍ എത്തിയിരിക്കുന്നത് 70 ലീറ്ററിലേറെ മായാമഷി.! ഓരോ പോളിങ് ബൂത്തിലും 2 കുപ്പി മഷി എന്നാണു കണക്ക്. ഒരെണ്ണം തന്നെ ധാരാളമാണെങ്കിലും കരുതല്‍ എന്ന നിലയിലാണ് രണ്ടെണ്ണം. ജില്ലയില്‍ ഇത്തവണ 3213 ബൂത്തുകളിലായി 6426 കുപ്പി മഷിയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ 10% അധിക കരുതല്‍ എന്ന നിലയിലും സൂക്ഷിക്കും.

10 മില്ലി വീതമുള്ള കുപ്പികളിലാണു മഷി എത്തുന്നത്. ലീറ്റര്‍ കണക്കിലേക്കു മാറ്റുമ്പോള്‍ ആകെ അളവ് 70 ലീറ്റര്‍ കവിയും. പക്ഷേ ഇതിന്റെ പകുതി മാത്രമേ സാധാരണഗതിയില്‍ ആവശ്യം വരാറുള്ളൂ. ജില്ലയില്‍ 21,35,830 വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കു മൊത്തം മഷിയടയാളം ചാര്‍ത്താന്‍ 35 ലീറ്ററില്‍ കൂടുതല്‍ വേണ്ടിവരില്ല. പോളിങ് ബൂത്തില്‍ സെക്കന്‍ഡ് പോളിങ് ഓഫിസറാണ് വോട്ടറുടെ ഇടതു ചൂണ്ടു വിരലില്‍ മഷിയടയാളം ചാര്‍ത്തുന്നത്.

40 സെക്കന്‍ഡിനുള്ളില്‍ പൂര്‍ണമായും ഉണങ്ങുന്ന മഷി ദിവസങ്ങളോളം മായാതെ നില നില്‍ക്കുമെന്നതാണു പ്രത്യേകത. തിരഞ്ഞെടുപ്പുകളുടെ ചരിത്രം പല മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചെങ്കിലും അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒരേ ഒരു കാര്യം വോട്ടറുടെ വിരലില്‍ ചാര്‍ത്തുന്ന മഷിയടയാളം മാത്രമാണെന്നതാണു മറ്റൊരു പ്രത്യേകത..!