Monday, April 29, 2024
keralaNews

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത കലാകാരന്‍ നെടുമുടിവേണുവിന്റെ സംസ്‌കാരം നടന്നു

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത കലാകാരന്‍ നെടുമുടിവേണു ഇനി ഓര്‍മ. രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു. അയ്യങ്കാളി ഹാളില്‍ രാവിലെ 10.30-ന് പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ള നിരവധിപ്പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുന്നന്‍പാറയിലെ വീട്ടില്‍ ഇന്നലെ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാ സാംസ്‌കാരിക മേഖലയിലെ നിരവധിപേരെത്തി. മമ്മൂട്ടി രാത്രി പത്തരയോടെ വസതിയിലെത്തി. പുലര്‍ച്ചെ ഒന്നരയോടെ നടന്‍ മോഹന്‍ലാല്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളാണ് കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് തീര്‍ച്ച.