Saturday, May 4, 2024
keralaNews

മലമുകളിലുള്ള കൊടി തൊട്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ബാബു മുകളില്‍ കയറിയതെന്ന് വിദ്യാര്‍ഥികള്‍.

പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ചെറാട് സ്വദേശി ആര്‍.ബാബു (23) വിനൊപ്പം ട്രെക്കിങ്ങിന് പോയത് വിദ്യാര്‍ഥികള്‍. നാലുപേരാണ് ഉണ്ടായിരുന്നതെന്ന് സംഘാംഗമായ 15 കാരന്‍ പറഞ്ഞു. പകുതി വഴിയിലെത്തിയപ്പോള്‍ മൂന്നുപേര്‍ ക്ഷീണിച്ച് തിരിച്ചിറങ്ങി. മലമുകളിലുള്ള കൊടി തൊട്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ബാബു മുകളില്‍ കയറിയത്. ബാബു മലയിടുക്കില്‍ വീണപ്പോള്‍ ഭയന്നുപോയെന്നും സംഘാംഗമായ വിദ്യാര്‍ഥി പറഞ്ഞു.അതേസമയം, തന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ബാബു പ്രതികരിച്ചു. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ല. നല്ല ആശ്വാസമുണ്ട്. വീഴ്ചയിലുണ്ടായ മുറിവ് ഉണങ്ങിത്തുടങ്ങി. ആശുപത്രിയില്‍ ലഭിച്ചത് മികച്ച പരിചരണമെന്നും ബാബു പറഞ്ഞു.തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43മണിക്കൂറിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് രക്ഷപ്പെടുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു, ഇറങ്ങുന്നതിനിടെ അവശനായി കാല്‍ വഴുതി വീഴുകയായിരുന്നു. പൊലീസ്, അഗ്‌നിരക്ഷാസേന, വനംറവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബെംഗളൂരു, ഊട്ടി വെല്ലിങ്ടന്‍ എന്നിവിടങ്ങളില്‍നിന്നു കരസേനയുടെ 2 സംഘങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്.