Wednesday, May 15, 2024
keralaNews

മനസ്സിലുണ്ടായിരുന്ന അഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരുന്നു കഥകളി: കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍

പത്തനംതിട്ട: ഉത്തരന്റെ കാമുകിയായി കളക്ടര്‍ കഥകളി വേഷത്തിലെത്തിയപ്പോള്‍ മനസ്സിലുണ്ടായിരുന്ന തീവ്രമായ അഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരുന്നു പത്തനംതിട്ട കളക്ടറുടേത് . പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യരാണ് ആവേശകരമായ ഒരു കലവേദിക്ക് പ്രചോദനമായി ഉത്തരന്റെ കാമുകിയായി കഥകളി വേഷമിട്ടത്. കഥകളി വേദിയില്‍ ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരന്റെ കാമുകിയായി ദിവ്യ നിറഞ്ഞാടിയത് . പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച സ്റ്റുഡന്‍സ് കഥകളി ക്ലബ്ലുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കളക്ടര്‍ കഥാപാത്രമായെത്തിയ കഥകളി അരങ്ങേറിയത്.                                             പത്തനംതിട്ട മാര്‍ത്തോമ സ്‌കൂള്‍ അങ്കണത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വേദി ഒരുങ്ങിയത്. ഉത്തരന്റെ വേഷത്തില്‍ കലാമണ്ഡലം വൈശാഖും രണ്ടാമത്തെ കാമുകിയുടെ വേഷത്തില്‍ കലാമണ്ഡലം വിഷ്ണുവും അരങ്ങിലെത്തി. ഒരു മണിക്കൂറോളം നിണ്ട ശൃഗാരപ്പദം കഴിഞ്ഞപ്പോള്‍ സദസ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. നമുക്കൊന്നും ചെയ്യാന്‍ കഴിയുന്ന കലാരൂപമല്ല, എന്ന മിഥ്യാ ധാരണയുള്ളതായി തോന്നിയിട്ടുണ്ട്. അത് മാറ്റാനാണ് ഞാന്‍ അരങ്ങേറ്റം കുറിച്ചതെന്ന് കഥകളിക്ക് ശേഷം ദിവ്യ പ്രതകരിച്ചു. കുട്ടിക്കാലം മുതല്‍ നൃത്തത്തോട് താല്‍പര്യം മനസ്സിലുണ്ടായിരുന്നു. ഒഡീസി, ഭരതനാട്യം, അടക്കമുള്ളവ അഭ്യസിച്ചിട്ടുണ്ടെങ്കിലും കഥകളി എല്ലാവര്‍ക്കും പറ്റില്ലെന്ന തോന്നലും. മനസ്സിലുണ്ടായിരുന്ന തീവ്രമായ അഭിലാഷത്തിന്റെ പൂര്‍ത്തീകരണവും കൂടിയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.നേരത്തെ കഥകളി മേളയുടെ സമയത്ത് അരങ്ങേറ്റം നിശ്ചയിച്ചതായിരുന്നെങ്കിലും, പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ജോലിത്തിരക്കുകള്‍ മൂലം സാധിച്ചില്ല. തുടര്‍ന്നാണ് സ്‌കൂളുകളില്‍ കഥകളി ക്ലബിന്റെ നേതൃത്വത്തില്‍ ക്ലബ് രൂപീകരിക്കുന്നതിനുള്ള ജില്ലാതല ഉദ്ഘാടനത്തില്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കിക്കൊണ്ട് ദിവ്യയുടെ അരങ്ങേറ്റം. 20 ദിവസം പരിശീലനം നടത്തിയെന്നും കലാമണ്ഡലം വിഷ്ണുവിന്റെ ശിഷ്യത്വം സ്വീകരിച്ചായിരുന്നു പഠനമെന്നും കളക്ടര്‍ പറഞ്ഞു.