Friday, May 3, 2024
keralaNews

മലപ്പുറത്ത് പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം/ കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയില്‍. ഇന്ന് രാവിലെ 9.30-ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെണ്‍കുട്ടി. പതിനെട്ട് വയസ്സേ പെണ്‍കുട്ടിക്ക് പ്രായമുണ്ടായിരുന്നുള്ളൂ.മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉള്‍പ്പടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് ഈ പെണ്‍കുട്ടി. ഇവരുടെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്.തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ അമ്മയോടും സഹോദരനുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി താന്‍ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെണ്‍കുട്ടിയെ പ്രാതല്‍ കഴിക്കാനായി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോള്‍ ഫോണും എടുത്തില്ല. തുടര്‍ന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു.ഉടനെ അയല്‍പക്കക്കാരെ അടക്കം വിളിച്ച് വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. അവിടെ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ പെണ്‍കുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും.