Wednesday, May 15, 2024
keralaNews

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്ന് സിപിഎം.

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്ന് സിപിഎം. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പട്ടയത്തിന്റെ നിയമസാധുത പരിശോധിക്കുക മാത്രമാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെടുന്നവര്‍ വീണ്ടം അപേക്ഷ നല്‍കി നടപടി പൂര്‍ത്തിയാക്കണമെന്നും കോടിയേരി വ്യക്തമാക്കി.അതേസമയം, രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനോട് വിയോജിച്ച് സി.പി.എം നേതാവ് എം.എം.മണി എംഎല്‍എ രംഗത്തെത്തി. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണെന്നും അവ എന്തിന് റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് നിയമപരമായി നേരിടാമെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ഇടുക്കിയില്‍ പറഞ്ഞു.

രവീന്ദ്രന്‍ പട്ടയങ്ങളെല്ലാം റദ്ദാക്കാക്കുന്നത് അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ നേതൃത്വം. വ്യാജപട്ടയമാണെന്ന് ബോധ്യപ്പെട്ടവ റദ്ദാക്കാമെന്ന് ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പ്രതികരിച്ചു.എന്നാല്‍ എല്ലാം റദ്ദാക്കി അര്‍ഹതയുള്ളവര്‍ വീണ്ടും അപേക്ഷ നല്‍കണമെന്നത് ശരിയല്ലെന്നും ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് എം.ഐ.രവീന്ദ്രന്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ തീരുമാനം ഒരുപാട് നിയമക്കുരുക്കുകള്‍ ഉണ്ടാക്കും.മൂന്നാറിലും ദേവികുളത്തുമായി വന്‍ അഴിമതിക്ക് തീരുമാനം വഴിയൊരുക്കും. എം.എം.മണിക്ക് നല്‍കിയ പട്ടയത്തില്‍ സിപിഎം ഓഫിസും റിസോര്‍ട്ടും ഉള്‍പ്പെടെ പണിതിട്ടുണ്ട്. പട്ടയങ്ങള്‍ പെട്ടെന്ന് റദ്ദുചെയ്ത് പുതിയത് അനുവദിച്ചാല്‍ ഇവയെല്ലാം ക്രമവല്‍ക്കരിച്ച് കൊടുക്കാന്‍ സാധ്യതയുണ്ടെന്നും രവീന്ദ്രന്‍ പറഞ്ഞു.