Tuesday, May 7, 2024
keralaNewspolitics

ദേവികുളത്തെ വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ തീരുമാനം

ഇടുക്കി: 1999ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനും അര്‍ഹരായവര്‍ക്ക് രണ്ട് മാസത്തിനകം പുതിയ പട്ടയം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനം. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് 1999ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഇടുക്കി കളക്ടറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ഇടുക്കി ദേവികുളം താലൂക്കില്‍ 1999 ല്‍ അഡീഷനല്‍ തഹസില്‍ദാരുടെ ചുമതല വഹിച്ചിരുന്ന എം.ഐ.രവീന്ദ്രന്‍ എന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ വ്യാപകമായി അനധികൃത പട്ടയങ്ങള്‍ അനുവദിച്ചത് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് അഞ്ചംഗ സംഘം നാലു വര്‍ഷം വിശദമായി നടത്തിയ അന്വേഷണത്തില്‍ ദേവികുളം താലൂക്കിലെ വിവിധ വില്ലേജുകളിലായി 530 ലേറെ പട്ടയങ്ങള്‍ രവീന്ദ്രന്‍ അനുവദിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ അനധികൃത പട്ടയങ്ങള്‍ റദ്ദാക്കുന്ന നടപടി നീണ്ടു പോവുകയായിരുന്നു. 1964ലെ കേരള ഭൂപതിവു ചട്ടം 893 പ്രകാരവും 1977 ലെ കണ്ണന്‍ദേവന്‍ ഹില്‍സ് ചട്ടം 21(1) പ്രകാരവും തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലോ തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലോ അനുവദിച്ച പട്ടയമാണെങ്കില്‍ റദ്ദാക്കണമെന്നാണ് റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് കസ്റ്റഡിയിലെടുത്ത എല്ലാ പട്ടയ ഫയലുകളുടേയും അനുബന്ധ രേഖകളുടേയും പകര്‍പ്പുകള്‍ രണ്ടാഴ്ചയ്ക്കകം കളക്ടര്‍ ഇടപെട്ട് ലഭ്യമാക്കണമെന്നും റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. പട്ടയം റദ്ദാക്കിയാല്‍ ഉടമകള്‍ പുതിയ പട്ടയത്തിനായി ദേവികുളം തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണം. രവീന്ദ്രന്‍ പട്ടയം അനുവദിച്ച ഓരോ വില്ലേജിലും കളക്ടര്‍ പ്രത്യേക സംഘത്തെ നിയമിച്ച് അപേക്ഷകള്‍ പരിശോധിച്ചു യോഗ്യത ഉറപ്പാക്കണം. 45 ദിവസത്തിനുള്ളില്‍ നടപടികള്‍ തീര്‍ക്കണമെന്നാണ് ഉത്തരവ്.