Tuesday, April 30, 2024
NewsSportsworld

ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സെനഗല്‍

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ സെനഗല്‍. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തളച്ചാണ് സെനഗല്‍ അവസാന പതിനാറില്‍ ഇടം നേടിയത്. സെനഗലിനായി സാറും കൂലിബാലിയും സ്‌കോര്‍ ചെയ്തപ്പോള്‍ ഇക്വഡോറിന്റെ ആശ്വാസ ഗോള്‍ കൈസേഡോയുടെ വകയായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റുകള്‍ നേടിയാണ് സെനഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 42-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ വന്നത്. സെനഗല്‍ താരം സാറിനെ ഹിന്‍കാപ്പി ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. സാര്‍ തന്നെ പെനാല്‍റ്റി എടുത്തപ്പോള്‍ ഒരു ഗോള്‍ ലീഡുമായി സെനഗലിന് ആദ്യ പകുതി അവസാനിപ്പിക്കനായി. രണ്ടാം പകുതിയില്‍ കൈമെയ് മറന്ന് സമനില ഗോളിനായി പൊരുതുന്ന ഇക്വഡോര്‍ ആയിരുന്നു കളത്തില്‍. മൈതാനത്ത് സെനഗലിന്റെ പാതിയില്‍ തന്നെ കളി കേന്ദ്രീകരിച്ച് നിര്‍ത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.67-ാം മിനിറ്റില്‍ കൈസെഡോയിലൂടെ ഇക്വഡോര്‍ സമനില ഗോള്‍ കണ്ടെത്തി. പ്ലാറ്റ എടുത്ത കോര്‍ണര്‍ ആണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിലെ കൂട്ടയിടികള്‍ക്കൊടുവില്‍ ഫാര്‍ പോസ്റ്റില്‍ ആരും മാര്‍ക്ക് ചെയ്യാതിരുന്ന കൈസെഡോയിലേക്ക് പന്ത് എത്തി. ഗോളക്കാന്‍ താരത്തിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല. അടിക്ക് തിരിച്ചടി നല്‍കാന്‍ സെനഗലിന് വേണ്ടി വന്നത് മൂന്നേ മൂന്ന് മിനിറ്റാണ്. ഇഡ്രിസാ ഗുയേയുടെ ഫ്രീകിക്കിന് ഒടുവില്‍ ഇക്വഡോറിന് ലഭിച്ചത് പോലെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കൂലിബാലിയിലേക്കാണ് അവസാനം പന്ത് എത്തിയത്. താരത്തിന്റെ ഷോട്ട് ഇക്വഡോറിയന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴലായി പടര്‍ന്ന് വലയില്‍ കയറി. ലീഡ് നേടിയ ശേഷവും സെനഗല്‍ ഇക്വഡോറിയന്‍ ബോക്‌സിലേക്ക് എത്തിയെങ്കിലും ലീഡ് വര്‍ധിപ്പിക്കാനായില്ല.