Thursday, May 16, 2024
indiaNewspoliticsworld

യാസിന്‍ മാലിക് കുറ്റക്കാരനല്ല, തീവ്രവാദ കുറ്റം ഇന്ത്യന്‍ സര്‍ക്കാര്‍ കെട്ടിചമച്ചതെന്ന് പാക് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി പ്രത്യേക എന്‍ഐഎ കോടതി ശിക്ഷിച്ച ഭീകരന്‍ യാസിന്‍ മാലിക്കിനെ പരസ്യമായി പിന്തുണച്ചു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . പാക് അധീന കശ്മീരിലെ പൗരന്‍മാരോട് ഇന്ത്യ വളരെ മോശമായി പെരുമാറുന്നു എന്നാണ് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ലോകരാജ്യങ്ങള്‍ ഇത് ശ്രദ്ധിക്കണമെന്നും പാക് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു.

തീവ്രവാദ കുറ്റത്തിനാണ് യാസിന്‍ മാലികിനെ ഡല്‍ഹി എന്‍ഐഎ പ്രത്യേക കോടതി ശിക്ഷിച്ചത്. എന്നാല്‍ യാസിന്‍ മാലികിനെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്നാണ് ഷെഹ്ബാസ് ഷെരീഫിന്റെ വാദം. തെറ്റായ ആരോപണങ്ങളാണ് യാസിന്‍ മാലികിനെതിരെ ഉന്നയിക്കുന്നത്.

ഇന്ത്യയുടെ നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

” പാക് അധീന കശ്മീരിലെ രാഷ്ട്രീയ തടവുകാരോട് ഇന്ത്യാ ഗവണ്‍മെന്റ് മോശമായി പെരുമാറുന്നത് ലോകം ശ്രദ്ധിക്കേണ്ടതാണ്. പ്രമുഖ കശ്മീരി നേതാവ് യാസിന്‍ മാലിക്കിനെ വ്യാജ തീവ്രവാദ കുറ്റത്തിന് ശിക്ഷിച്ചത് ഇന്ത്യയുടെ നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ്. മോദി ഭരണം ഇക്കാര്യം കണക്കിലെടുക്കണം” .ഇതായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ഭീകരവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കി എന്ന കേസില്‍ യാസിന്‍ മാലിക് കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. മെയ് 19 ന് ആണ് ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി യാസിന്‍ മാലിക്കിനെ തീവ്രവാദ ഫണ്ടിംഗ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ശിക്ഷ മെയ് 25 ന് വിധിക്കും. 2017ല്‍ കശ്മീര്‍ താഴ്വരയെ അസ്വസ്ഥമാക്കിയ ഭീകരവാദവും വിഘടനവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലെ എല്ലാ കുറ്റങ്ങളും മുഹമ്മദ് യാസിന്‍ മാലിക് കോടതി മുമ്പാകെ സമ്മതിച്ചിട്ടുണ്ട്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (യുഎപിഎ) പ്രകാരമുള്ള കുറ്റവും യാസിന്‍ മാലികിനെതിരെ ചുമത്തിയിരുന്നു. യാസിന്‍ മാലികിന് ജീവപര്യന്തം തടവ് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.