Thursday, May 2, 2024
keralaNews

മന്ത്രി വി.എന്‍. വാസവന്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ചു.

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം വിവാദമായി കൊണ്ടിരിക്കെ അനുനയ നീക്കത്തിനൊരുങ്ങി മന്ത്രിയും. മന്ത്രി വി.എന്‍. വാസവന്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ചു. നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച പ്രസ്താവന വിവാദം സൃഷ്ടിച്ചശേഷം ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ പ്രതിനിധി ബിഷപ്പിനെ സന്ദര്‍ശിക്കുന്നത്. രാവിലെ ബിഷപ്പ് ഹൗസിലെത്തിയ മന്ത്രി ബിഷപ്പുമായും പുരോഹിതരുമായും ചര്‍ച്ച നടത്തി.
ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി പറഞ്ഞു.വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ശക്തമായ നിലപാടുമായി മുന്നോട്ടുപോവും. ബിഷപ്പിന്റെ പ്രസ്താവനയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളും ഭീകരവാദികളുമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.’ഞാന്‍ ഇവിടെ പുതിയ ആളല്ല. നേരത്തെയും പലവട്ടം വന്നിട്ടുണ്ട്. പിതാവിനോടൊപ്പം ഭക്ഷണം കഴിക്കാനുള്ള അവസരം വരെയുണ്ടായിട്ടുണ്ട്. നാര്‍ക്കോട്ടിക് വിവാദം സംബന്ധിച്ച് ബിഷപ്പ് പരാതിയൊന്നും പറഞ്ഞില്ല. അതൊരു അടഞ്ഞ അധ്യായമാണ്. അത് ചര്‍ച്ചയായതേയില്ല. ബിഷപ്പിന് പരാതി പറയേണ്ട കാര്യമില്ല. അത് ചര്‍ച്ചയാകേണ്ട ഒരു സാഹചര്യമില്ല. വളരെ പാണ്ഡിത്യമുളള ആളാണ് ബിഷപ്പ്. ബൈബിളിലും ഖുറാനിലും ഗീതയിലുമെല്ലാം നന്നായി പഠിച്ചിട്ടുള്ളയാളാണ്. ഞങ്ങള്‍ ഇതു സംബന്ധിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഈ വിഷയത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞുകഴിഞ്ഞു. അതുതന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. അതില്‍ സര്‍ക്കാര്‍ പിന്നോട്ടുപോവില്ല. വര്‍ഗീയവാദികളും തീവ്രവാദികളുമാണ് ഇത്തരത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഇവരുമായി സന്ധി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല-വാസവന്‍ പറഞ്ഞു.ബിഷപ്പിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ഒരാഴ്ചയ്ക്കുശേഷമാണ് മന്ത്രിയുടെ വരവ്. വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗം തന്നെയാണ് മന്ത്രിയുടെ സന്ദര്‍ശനമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.