Friday, May 3, 2024
keralaNews

ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങളെ തുണച്ച് ഹൈക്കോടതി

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി . ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ദ്വീപിലെ ബീഫ് നിരോധനവും ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസഹാരം ഒഴിവാക്കിയതും ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാര നടപടികളുമായി മുന്നോട്ട് പോകാന്‍ അഡ്മിനിസ്‌ട്രേഷന് ഊര്‍ജം നല്‍കുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബീഫ് നിരോധനവും സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസഹാരം ഒഴിവാക്കിയതും നയപരമായ തീരുമാങ്ങള്‍ ആണെന്ന അഡ്മിനിസ്‌ട്രേഷന്റെ വാദം കോടതി അംഗീകരിച്ചു. നയപരമായ തീരുമാനങ്ങളില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളി. സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യദായകമായ ഭക്ഷണം നല്‍കുക എന്നാ ലക്ഷ്യത്തോടെയാണ് ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസഹാരം ഒഴിവാക്കിയതെന്ന വാദം കോടതി അംഗീകരിച്ചു. മാംസാഹാരം ഒഴിവാക്കിയെങ്കിലും ഉച്ചഭക്ഷണത്തില്‍ മത്സ്യവും മുട്ടയും ഡ്രൈ ഫ്രൂട്ട്‌സും ഉള്‍പ്പെടുത്തിയതായി ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു. പ്രതിവര്‍ഷം ഒരു കോടി രൂപ നഷ്ടത്തില്‍ ആയതിനാലാണ് ഡയറിഫാമുകള്‍ അടച്ചുപൂട്ടിയത് എന്നായിരുന്നു അഡ്മിനിസ്‌ട്രേഷന്‍ കോടതിയെ അറിയിച്ചത്. ഈ നിലപാടും കോടതി അംഗീകരിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച വേളയില്‍ ലക്ഷദ്വീപിലെ ഭരണ പരിഷ്‌കരണ നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹര്‍ജി തള്ളിയതോടെ സ്റ്റേ ഉത്തരവുകള്‍ ഇല്ലാതായി. സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകന്‍ അഡ്വക്കേറ്റ് അജ്മല്‍ അഹമ്മദാണ് ഭരണ പരിഷ്‌കരണ നടപടികള്‍ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.