Thursday, May 16, 2024
keralaNewspolitics

എ.എ. റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

എ.എ. റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി.ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. 3 രാജ്യസഭാ സീറ്റുകളില്‍ എല്‍ഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിടാന്‍ തീരുമാനിച്ചിരുന്നു. ദേശീയ സാഹചര്യം വിലയിരുത്തിയാണ് ഒരു സീറ്റ് സിപിഐയ്ക്കു നല്‍കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്. ഘടകക്ഷികളെല്ലാം സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറാണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി. ബിനോയ് വിശ്വമാണ് നിലവില്‍ സിപിഐയുടെ രാജ്യസഭാ അംഗം.

 

സിപിഐ, എല്‍ജെഡി, ജനതാദള്‍ (എസ്), എന്‍സിപി എന്നിവരാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. എല്‍ജെഡി നേതാവ് വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്കു വന്നപ്പോള്‍ നല്‍കിയ സീറ്റ് അദ്ദേഹം അന്തരിച്ചപ്പോള്‍ മകനായ ശ്രേയാംസ് കുമാറിനു കൈമാറിയിരുന്നു. എന്നാല്‍, ഒരു എംഎല്‍എ മാത്രമുള്ള എല്‍ജെഡിക്ക് വീണ്ടും സീറ്റ് നല്‍കേണ്ടതില്ലെന്നു സിപിഎം തീരുമാനിക്കുകയായിരുന്നു. ജനതാദള്‍ (എസ്), എന്‍സിപി അവകാശവാദങ്ങളും പരിഗണിക്കപ്പെട്ടില്ല.