Monday, April 29, 2024
indiakeralaNews

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും, മുകേഷിനെക്കൊണ്ട് പാര്‍ട്ടിക്ക് ഒരു ഗുണവുമുണ്ടായില്ല വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്.

മുകേഷ് എംഎല്‍എയ്ക്കും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും കൊല്ലം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയായ വിഷയങ്ങളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും മുകേഷിനെക്കൊണ്ട് പാര്‍ട്ടിക്ക് ഒരു ഗുണവുമുണ്ടായില്ല എന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം വന്നത്.കൊല്ലം നിയമസഭാ മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ പികെ ഗുരുദാസനാണ് മുകേഷിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ എ വരദരാജന്‍ മുകേഷിനെതിരായ വിമര്‍ശനത്തെ അംഗീകരിച്ചു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും കൊല്ലം എംഎല്‍എയ്‌ക്കെതിരെ സമാന നിലപാടാണ് സ്വീകരിച്ചത്. എന്നിരുന്നാലും വരുന്ന തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മുകേഷ് തന്നെ മത്സരിക്കട്ടെ എന്നും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.വര്‍ഷങ്ങളായി പൊതുരംഗത്ത് പ്രവര്‍ത്തനപരിചയമുള്ള മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങളുമായി ബന്ധപ്പെട്ട് ജാഗ്രതക്കുറവുണ്ടാവാന്‍ പാടില്ലായിരുന്നു എന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനം വന്നു. തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തിലേക്കാണ് പാര്‍ട്ടി മേഴ്‌സിക്കുട്ടിയമ്മയെ പരിഗണിക്കുന്നത്. ഒപ്പം പാര്‍ട്ടി ഏരിയാ സെക്രട്ടറി എസ്എല്‍ സജികുമാറും ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് ജയമോഹന്‍ എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.