Tuesday, May 14, 2024
keralaNews

ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും.

ശബരിമല: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറി ദര്‍ശനത്തിന് അനുമതി നല്‍കും. 21 വരെ നട തുറന്നിരിക്കും.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കര്‍ക്കടകം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും മറ്റ് പൂജകളും നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും.പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.