Monday, April 29, 2024
indiaNewsObituary

മനോഹര്‍ ജോഷി വിടവാങ്ങി

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ മനോഹര്‍ ജോഷി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.മഹാരാഷ്ട്രയിലെ മഹദില്‍ 1937 ഡിസംബര്‍ രണ്ടിനായിരുന്നു മനോഹര്‍ ജോഷിയുടെ ജനനം.

മുംബൈയിലെ വീരമാതാ ജീജാഭായി ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഢഖഠക) നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കി. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന ജോഷി പിന്നീട് ശിവസേനയില്‍ അംഗമായി.

അദ്ദേഹത്തിന്റെ സംഘടനാ വൈദ?ഗ്ധ്യം പേരുകേട്ടതോടെ 1980കളില്‍ ശിവസേനയുടെ പ്രധാന നേതാക്കളിലൊരാളായി മാറി. 1995ലാണ് ജോഷി മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്ത് ആദ്യമായി ശിവസേന സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് ജോഷിയിലൂടെയായിരുന്നു.

ശരദ് പവാര്‍ നയിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചായിരുന്നു ജോഷി സര്‍ക്കാരിന്റെ കടന്നുവരവ്. എംപിയായും ലോക്‌സഭാ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 2002 മുതല്‍ 2004 വരെയായിരുന്നു സ്പീക്കറായത്.