Friday, May 10, 2024
keralaNews

വാക്ക് പാലിച്ച് സുരേഷ്ഗോപി; ഇടമലക്കുടിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു

കൊച്ചി : ഇഡലിപാറകുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങളുടെ വര്‍ഷങ്ങളായുളള സ്വപ്നമാണ് ഇന്ന് സാക്ഷാത്ക്കരിക്കപ്പെട്ടത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇടമലക്കുടി ജനങ്ങളോട് വാക്ക് പാലിച്ച് സുരേഷ് ഗോപി എം.പി എന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇടമലക്കുടി പഞ്ചായത്ത് ഇഡലിപാറകുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങള്‍ വര്‍ഷങ്ങളായി കുടിവെള്ളം കിട്ടാതെ വലയുകയായിരുന്നു. പല കുടിവെള്ള പദ്ധതികളും കൊണ്ടുവന്നെങ്കിലും വനംവകുപ്പ് അനുമതി ലഭ്യമാകാത്തതിനാല്‍ പ്രഖ്യാപനങ്ങള്‍ എല്ലാംതന്നെ കടലാസില്‍ ഒതുങ്ങുകയായിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവിടെ പ്രചാരണത്തിന് എത്തിയ 15 വര്‍ഷം ദേവികുളം എംഎല്‍എ ആയിരുന്ന രാജേന്ദ്രനെ ഇവിടുത്തെ അമ്മമാര്‍ മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുന്നസാഹചര്യവുമുണ്ടായി.

തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതെരഞ്ഞെടുപ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ ബിജെപി ഇടുക്കി ജില്ലാ നേതാക്കള്‍ക്ക് മുമ്പാകെ ഇഡലിപാറയിലെ നിവാസികള്‍ ഒരു ആവശ്യം മാത്രമാണ് മുന്നില്‍ വച്ചത്. കാലങ്ങളായി ഞങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന് ഒരു അറുതി വരുത്തണം. അവരുടെ ന്യായമായ ആവശ്യം മനസ്സിലാക്കിയ ബിജെപി ഇടുക്കി ജില്ലാ നേതൃത്വം, സുരേഷ് ബഗോപി എംപിയെ ബന്ധപ്പെട്ടു. അദ്ദേഹം കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി ഉടന്‍ തന്നെ എംപി ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇടമലക്കുടി പഞ്ചായത്ത് ഭരണസമിതി സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് പദ്ധതി വൈകിപ്പിക്കാന്‍ ശ്രമിച്ചു. കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ കാലതാമസം വരുമെന്ന് മനസ്സിലാക്കിയ സുരേഷ് ഗോപി എംപി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നും നിന്നും മൂന്നര കിലോമീറ്റര്‍ നീളത്തില്‍ ഇഡലിപാറയിലേക്ക് വേണ്ടിവരുന്ന ഏകദേശം ഏഴ് ലക്ഷം രൂപ വില വരുന്ന എച്ച് ഡി പൈപ്പ് സ്പോണ്‍സര്‍ ചെയ്തുകൊണ്ട് കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി അടിയന്തരമായി സ്വീകരിച്ചു.

സുരേഷ് ഗോപി എംപി യുടെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിനേതാക്കള്‍ ഇന്ന് പൈപ്പുകള്‍ സ്ഥലത്തെത്തിച്ചു. ഇടത് വലത് എം. പി മാരാരും ചെയ്യാത്ത ഒട്ടേറെ നല്ലകാര്യങ്ങളാണ് സുരേഷ്ഗോപി കേരളത്തില്‍ ചെയ്യുന്നത് എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.