Friday, May 17, 2024
keralaNewsObituary

മധുവിന്റെ കേസ് വാദിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി

പാലക്കാട്: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കൊലപാതക കേസ് വാദിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍, മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതിയാണ് ചോദ്യമുന്നയിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താലാണ് ഇന്ന് അദ്ദേഹം കോടതിയില്‍ ഹാജരാകാതിരുന്നത്.                                                                       2018 ഫെബ്രുവരി 22നാണ് മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചിരിച്ചതോടെ കേരളത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. കേസില്‍ 16 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  മെയ് 2018ല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും നിലവില്‍ കേസിന്റെ വിചാരണ മന്ദഗതിയിലാണ്.നേരത്തെയുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് വനവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകുളത്തുള്ള അഡ്വ. വിടി രഘുനാഥനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്.

എന്നാല്‍, അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും എറണാകുളത്ത് നിന്നും മണ്ണാര്‍ക്കാടെത്തി കേസ് വാദിക്കാന്‍ ചില പ്രയാസങ്ങളുണ്ടെന്നും കാണിച്ച് അഡ്വ. രഘുനാഥന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.എന്നാല്‍ മധുവിന് വേണ്ടി അഡ്വ. രഘുനാഥന്‍ തന്നെ ഹാജരാകണമെന്ന നിലപാടാണ് ഡിജിപി സ്വീകരിച്ചത്. ഇന്ന് കേസ് പരിഗണിക്കവെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. ഈ സമയത്താണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദിച്ചത്. കേസ് ഫെബ്രുവരി 26 ലേയ്ക്ക് മാറ്റി.