Monday, May 6, 2024
keralaNews

കോഴിക്കോട് നിന്ന് ലക്ഷദ്വീപിലേക്കു ചരക്കുമായി പോയ ഉരു ആഴക്കടലില്‍ മുങ്ങി.

കോഴിക്കോട് :ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കു ചരക്കുമായി പോയ യന്ത്രവല്‍ക്കൃത ഉരു ആഴക്കടലില്‍ മുങ്ങി. ഗുജറാത്ത് കച്ച് സ്വദേശികളായ 6 തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ച് തുറമുഖത്ത് എത്തിച്ചു.ശനി രാത്രി 7.30ന് ബേപ്പൂരില്‍നിന്ന് ആന്ത്രോത്ത് ദ്വീപിലേക്കു പുറപ്പെട്ട മലബാര്‍ ലൈറ്റ് എന്ന ഉരുവാണ് പുറംകടലില്‍ 8.5 നോട്ടിക്കല്‍ മൈല്‍ അകലെ എന്‍ജിനില്‍ വെള്ളം കയറി മുങ്ങിയത്. യാത്രയ്ക്കിടെ 30 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയപ്പോഴാണ് എന്‍ജിന്‍ മുറിയില്‍ വെള്ളം കയറുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ബേപ്പൂര്‍ തീരത്തേക്ക് തിരിച്ചു വരുന്നതിനിടെ പുലര്‍ച്ചെ 2നാണ് ഉരു മുങ്ങിയത്.

അപകട വിവരം തൊഴിലാളികള്‍ അറിയിച്ച ഉടന്‍ ബേപ്പൂരില്‍നിന്നുള്ള കോസ്റ്റ് ഗാര്‍ഡിന്റെ സി-404 കപ്പല്‍ പുറപ്പെട്ടു. അര മണിക്കൂറിനകം തൊഴിലാളികളെ രക്ഷപ്പെടുത്താനായി.സിമന്റ്, സ്റ്റീല്‍, എം സാന്‍ഡ്, മെറ്റല്‍, ഹോളോ ബ്രിക്‌സ് തുടങ്ങിയ നിര്‍മാണ വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, ഫര്‍ണിച്ചര്‍ എന്നിവ ഉള്‍പ്പെടെ 300 ടണ്‍ ചരക്കുണ്ടായിരുന്നു. ഇതിനു പുറമേ 14 പശുക്കളും ഉരുവില്‍ ഉണ്ടായിരുന്നു. കോഴിക്കോട് സ്വദേശി അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതതയിലുള്ളതാണ് മലബാര്‍ ലൈറ്റ് ഉരു. ഉരുവിനും ചരക്കും ഉള്‍പ്പെടെ ഏതാണ്ട് ഒരു കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു.