Saturday, May 4, 2024
indiaNewspoliticsworld

ബ്രിട്ടനില്‍ ചാള്‍സ് രാജാവാകുമ്പോള്‍ കാമില രാജ്ഞിയെന്ന് അറിയപ്പെടണം:എലിസബത്ത് രാജ്ഞി

ലണ്ടന്‍: ചാള്‍സ് രാജകുമാരന്‍ ബ്രിട്ടനിലെ രാജാവാകുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കാമില രാജ്ഞിയെന്ന് അറിയപ്പെടണമെന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടീഷ് സിംഹാസനത്തില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് എലിസബത്ത് രാജ്ഞി. ഈ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയിലാണ് കാമിലയെ രാജ്ഞിയാക്കണമെന്ന തന്റെ ആഗ്രഹം എലിസബത്ത് രാജ്ഞി പറഞ്ഞത്. ചാള്‍സ് രാജാവാകുമ്പോള്‍ കാമില രാജ്ഞിയാകണെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു’ എന്നാണ് എലിസബത്ത് രാജ്ഞി പറഞ്ഞത്. ചാള്‍സ് രാജവാകുമ്പോള്‍ രാജകുമാരി എന്നാകും കാമില അറിയപ്പെടുക എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തിലാണ് എലിസബത്ത് രാജ്ഞി വ്യക്തത വരുത്തിയിരിക്കുന്നത്.

ജനങ്ങള്‍ രാജ്ഞിയെന്ന പദവിയില്‍ തനിക്ക് നല്‍കിയ പിന്തുണ അതേപോലെ തന്നെ കാമിലയ്ക്കും നല്‍കണമെന്ന് എലിസബത്ത് രാജ്ഞി കൂട്ടിച്ചേര്‍ത്തു.

ചാള്‍സിന്റെ ആദ്യ ഭാര്യ ഡയാനയുടെ മരണത്തിന് എട്ട് വര്‍ഷത്തിന് ശേഷം 2005ലാണ് കാമിലയെ വിവാഹം കഴിക്കുന്നത്. ഡച്ച് ഓഫ് കോണ്‍വാള്‍ എന്നാണ് നിലവില്‍ കാമില അറിയപ്പെടുന്നത്.

1952 ഫെബ്രുവരി ആറിനാണ് എലിസബത്ത്, രാജ്ഞി പദവിയിലെത്തുന്നത്. ഇപ്പോള്‍ 95 വയസ്സുണ്ട്. 63 വര്‍ഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റിക്കോര്‍ഡ് ഏഴ് വര്‍ഷം മുന്‍പ് എലിസബത്ത് മറികടന്നു. രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം 99-ാം വയസ്സിലാണ് അന്തരിച്ചത്. നാല് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ബ്രിട്ടീഷ് രാജ പദവിലിയെത്തിയ നാല്‍പ്പതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി.