Saturday, April 20, 2024
keralaNews

പാലാ കടുത്തുരുത്തിയില്‍ വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടില്‍ മോഷണശ്രമം.

കടുത്തുരുത്തി: വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടില്‍ മോഷണശ്രമം. പാലായില്‍ താമസിക്കുന്ന ഇവരുടെ മകള്‍ സിസിടിവിയില്‍ ഇത് കണ്ട് അയല്‍വാസിയോട് വിവരം പറഞ്ഞതോടെ, അയല്‍വാസി പോലീസില്‍ വിവരം അറിയിക്കുകയും, സ്ഥലത്തെത്തിയ പോലീസ് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു. കീഴൂര്‍ ചിറ്റേട്ട് പുത്തന്‍പുര ബോബിന്‍സ് ജോണ്‍ (32) പിടിയിലായത്. വാതില്‍ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീല്‍ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു.വിമുക്തഭടനായ കീഴൂര്‍ മേച്ചേരില്‍ എം.എം. മാത്യുവിന്റെ (80) വീട്ടിലാണ് ഇയാള്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം. പ്രായമായ മാതാപിതാക്കള്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ സിസിടിവി പിടിപ്പിച്ചിരുന്നു. ഓണ്‍ലൈനായി ജോലിചെയ്യുന്ന മകള്‍ സോണിയ മാത്യു കിടക്കാന്‍ നേരം കീഴൂരിലെ വീട്ടിലെ സി.സി.ടി.വി. മൊബൈല്‍ ഫോണിലൂടെ നോക്കിയപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്. രണ്ട് സിസിടിവി ക്യാമറ തുണികൊണ്ട് മൂടിയശേഷം മൂന്നാമത്തെ ക്യാമറ മൂടാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം യുവതി കാണുന്നത്.സോണിയ ഉടന്‍ തന്നെ ഈ വിവരം കീഴൂരില്‍ അയല്‍വാസിയായ പ്രഭാത് കുമാറിനെ അറിയിച്ചു. പ്രഭാത് എസ്ഐ ജെയ്മോനു വിവരം കൈമാറുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസിനെ കണ്ട് മോഷ്ടാവ് ഒന്നാം നിലയില്‍ നിന്ന് ചാടി പുറത്തേക്ക് ഓടി. രക്ഷപെട്ട മോഷ്ടാവിനെ അര കിലോമീറ്ററോളം പിന്നാലെ ഓടിയാണ് പോലീസ് പിടികൂടിയത്. സ്ത്രീകളുടെ നൈറ്റിയാണ് ഇയാള്‍ ധരിച്ചിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി വെള്ളൂര്‍ എസ്എച്ച്ഒ എ.പ്രസാദ് അറിയിച്ചു.