Sunday, April 28, 2024
indiaNewsUncategorized

ബീര്‍ഭൂം കൂട്ടക്കൊല:സിബിഐ സംഘം പരിശോധന തുടങ്ങി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ എട്ടുപേരെ അതിദാരുണമായി വധിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.            ബീര്‍ഭൂം ജില്ലയിലെ രാംപുര്‍ഹട്ട് ഗ്രാമത്തിലാണ് സംഘം പരിശോധന നടത്തിയത്.

ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന എട്ടുപേരുടെ സംഘത്തെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷമാണ് നിരവധി വീടുകള്‍ക്ക് തീയിട്ടതെന്നാണ് നിഗമനം. ഒരു കൂട്ടം ഇരച്ചെത്തിയാണ് ആക്രമണം നടത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അനാറുല്‍ ഹൊസൈനെ സംഭവത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യ്തിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ കേന്ദ്രസംഘം എത്തും മുന്നേ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അടിയന്തിര നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇന്നലെ മാത്രം 11 പേരെ പിടികൂടിയതായി ഡിജിപി മനോജ് മാളവ്യ അറിയിച്ചു.

കൊല്‍ക്കത്ത ഹൈക്കോടതി നടത്തിയ അതിവേഗ നീക്കമാണ് രണ്ടു ദിവസത്തിനകം സിബിഐ അന്വേഷണം ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനത്തെ എല്ലാ അക്രമങ്ങളുടേയും വിശദമായ റിപ്പോര്‍ട്ട് ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന സമയത്തും പിന്നീട് പല സ്ഥലത്തും എതിരാളികളെ കൊന്നൊടുക്കുന്ന തൃണമൂല്‍ പാര്‍ട്ടിയുടെ പക തന്നെയാണ് ബീര്‍ഭൂമിലും ആവര്‍ത്തിച്ചിരിക്കുന്നതെന്ന് ബിജെപി ഇന്നലെ ആരോപിച്ചിരുന്നു. എല്ലാവരും സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ ധൃതി പിടിച്ച് പാര്‍ട്ടി നേതാവിനെ പുറത്താക്കിയ മമത പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് പാര്‍ട്ടിപ്രവര്‍ത്തകരെ രക്ഷിക്കാനാണെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും എംപിയുമായ ദിലീപ് ഘോഷ് ആരോപിച്ചു.