Thursday, March 28, 2024
indiaNews

ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ.

ന്യൂഡല്‍ഹി :സമാധാനം പുനഃസ്ഥാപിക്കാന്‍ അതിര്‍ത്തിയില്‍  പൂര്‍ണമായ സൈനിക പിന്‍മാറ്റം വേണമെന്ന് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി
എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. സൈനിക പിന്മാറ്റം വേഗത്തിലാക്കണം. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. വാങ് യിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. അതിര്‍ത്തി സംഘര്‍ഷവും യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ചയായതായാണു സൂചന.

ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്.അഫ്ഗാനിസ്ഥാനില്‍ നിന്നും വ്യാഴാഴ്ച യാത്ര തിരിച്ചശേഷം മാത്രമാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. ഈ വര്‍ഷം അവസാനം ബെയ്ജിങ്ങില്‍ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതിനുകൂടിയാണ് വാങ് യി എത്തിയത്.