Monday, May 6, 2024
keralaNewspolitics

ബംഗാളിലും അസമിലും നാളെ നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു

ബംഗാളിലും അസമിലും നാളെ നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ബംഗാളില്‍ 30, അസമില്‍ 39 വീതം മണ്ഡലങ്ങളിലാണു നാളെ വോട്ടെടുപ്പ്.

മുഖ്യമന്ത്രി മമത ബാനര്‍ജിയും വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമാണ് ബംഗാളിലെ രണ്ടാംഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇടത് – കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഎം 15, കോണ്‍ഗ്രസ് 9, സിപിഐ 2, ഐഎസ്എഫ് 2, ഫോര്‍വേഡ് ബ്ലോക്ക് 1 വീതം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നു.പ്രചാരണത്തിന്റെ അവസാന ദിനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നന്ദിഗ്രാമില്‍ റോഡ് ഷോ നടത്തി. ബംഗാളിലെ മാറ്റത്തിന്റെ തുടക്കം നന്ദിഗ്രാമില്‍ നിന്നാണെന്നും മമതയെ സുവേന്ദു തോല്‍പിക്കുമെന്നും ഷാ പറഞ്ഞു. കാലിനു പരുക്കേറ്റു ചികിത്സയിലുള്ള മമത വീല്‍ചെയറില്‍ ഏതാനും കിലോമീറ്റര്‍ റാലി നടത്തി.

അസമിലെ രണ്ടാംഘട്ടത്തില്‍ ബിജെപി 34, കോണ്‍ഗ്രസ് 28 വീതം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.