Monday, May 6, 2024
keralaNewsObituary

പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിക്കൂട്ടില്‍ നിന്ന് മുങ്ങിയ ആള്‍ക്ക് ഒളിവില്‍ കഴിയുന്നതിനിടെ അന്ത്യം

ഇടുക്കി:പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ വിചാരണയ്ക്ക് പോകാതെ മുങ്ങി അഞ്ചര പതിറ്റാണ്ടോളം ഒളിവില്‍ കഴിഞ്ഞ അള്ളുങ്കല്‍ ശ്രീധരന്‍ അന്തരിച്ചു.

പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ കെ അജിത അടക്കം പ്രതികളായ കേസില്‍ വിചാരണക്ക് പോകാതെ ‘മാവടി തങ്കപ്പന്‍’ എന്ന പേരില്‍ ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനടുത്ത് മാവടിയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നക്‌സലൈറ്റ് പ്രതികളുടെ കൂട്ടത്തില്‍ നിന്നും രക്ഷപെട്ട് പേരും മേല്‍വിലാസവും ഉപേക്ഷിച്ച് മറ്റൊരു പേരില്‍ ശ്രീധരന്‍ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. മാവടിയില്‍ കൃഷിയും മറ്റുമായി കഴിയുന്നതിനിടയില്‍ 1984ല്‍ വിനോദ്മിത്ര ജനറല്‍ സെക്രട്ടറിയായ സി.പി.ഐ (എം.എല്‍.) ഇടുക്കി ജില്ല കമ്മറ്റി കൂട്ടാറ്റില്‍ രൂപീകരിച്ചപ്പോള്‍ ശ്രീധരന്‍ ജില്ല കമ്മറ്റിയംഗമായി. ആദിവാസി, കാര്‍ഷിക                                                      മേഖലകള്‍ കേന്ദ്രീകരിച്ച് കുറച്ച് കാലം പ്രവര്‍ത്തിക്കുകയും ചെയ്തു.                              1968 നവംബറിലെ തലശ്ശേരി പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങള്‍. വയനാട്ടില്‍ ജന്മിമാരുടെ ക്രൂരതയും പൊലീസിന്റെ നെറികേടുകളും വര്‍ധിച്ച കാലത്തായിരുന്നു ഈ സായുധ ഇടപെടല്‍ നടന്നത്. നവംബര്‍ 23 നക്‌സല്‍ വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്.ബോംബാക്രമണം,കൊലപാതകം,പൊലീസ് സ്റ്റേഷന്‍ ആക്രമണം തുടങ്ങി വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ആളായിരുന്നു അള്ളുങ്കല്‍ ശ്രീധരന്‍. വയനാട് പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണക്കേസിലെ കുറ്റപത്രത്തില്‍ ശ്രീധരന്റെ പേരുമുണ്ടായിരുന്നു. കേസിലെ പ്രതികളായി 16ാളം പേരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

പ്രതിക്കൂട്ടില്‍ നിന്ന് ആരും കാണാതെ പിന്നിലേക്ക് വലിഞ്ഞ് മുങ്ങിയ ശ്രീധരന്‍ അന്ന് മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു.രാഷ്ട്രീയാധികാരം ലക്ഷ്യമിട്ടു നടന്ന ആദ്യ നക്‌സല്‍ സായുധ ഇടപെടലായിരുന്നു.പുല്‍പ്പള്ളി തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങളില്‍ മരിച്ച ഒരാള്‍ ഉള്‍പ്പെടെ 149 പ്രതികളാണ് ഉണ്ടായിരുന്നത്. കുന്നിക്കല്‍ നാരായണനും കെ.പി.നാരായണനും മന്ദാകിനി നാരായണനുമായിരുന്നു ഗൂഢാലോചനക്കേസിലെ ആദ്യ 3 പ്രതികള്‍. ഏഴര വര്‍ഷമാണ് കെ. അജിത ഈ കേസില്‍ തടവു ശിക്ഷ അനുഭവിച്ചത്.1970 ഫെബ്രുവരി 18ന് നക്‌സല്‍ വര്‍ഗീസിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.