Sunday, April 28, 2024
keralaNews

പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു.പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍ കുട്ടിയാണ് കുഴഞ്ഞു വീണ് മരിച്ചത്. പോലീസ് ഇയാളെ മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആന്റസ് വില്‍സണ്‍, ടിപി ഷംസീര്‍ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സംഭവം ജില്ല ക്രൈംബ്രാഞ്ച് ഡിവെഎസ്പി അന്വേഷിക്കും. പന്തല്ലൂരില്‍ കഴിഞ്ഞ ദിവസം ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ഉള്‍പ്പെടെ ഏഴ് പേരോട് പാണ്ടിക്കാട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തിയ മൊയ്തീന്‍ കുട്ടി പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍തന്നെ പാണ്ടിക്കാട്ട് സ്വകാര്യ ആശുപത്രിയില്‍ മൊയ്തീന്‍കുട്ടിയെ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെ ആയിരുന്നു മരണം. മൊയ്തീന്‍കുട്ടിയെ സ്റ്റേഷനില്‍ വെച്ച് പോലീസ് മര്‍ദിച്ചതായാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

ഇയാളെ മര്‍ദ്ദിച്ചിട്ടില്ല എന്നതാണ് പോലീസിന്റെ വിശദീകരണം. മൊയ്തീന്‍കുട്ടി ഹൃദ്രോഗി ആയിരുന്നുവെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു..