Sunday, May 5, 2024
keralaNews

വസ്തു കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ല: ഹൈക്കോടതി

എറണാകുളം: വസ്തു കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി റജിസ്ട്രേഷന്‍ നടത്തുന്നതിന് ഇനി മുന്നാധാരം നിര്‍ബന്ധമല്ലന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്തെ തുടര്‍ന്ന് റജിസ്ട്രേഷന്‍ നടത്തുന്നതിന് സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്ന് കാട്ടി പാലക്കാട് ആലത്തൂര്‍ സ്വദേശികളായ ബാലചന്ദ്രന്‍, പ്രേമകുമാരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഉത്തരവ്. ജസ്റ്റിസ് പി ഗോപിനാഥിന്റേതാണ് ഉത്തരവ്.  വ്യക്തി അയാളുടെ കൈവശ അവകാശം മാത്രമാണ് കൈമാറുന്നത് എന്ന വിലയിരുത്തലിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹര്‍ജിക്കാര്‍ പരാതിയില്‍ പറയുന്ന വസ്തു വെറും പാട്ടമാണെന്ന് അവകാശപ്പെട്ടതിനാലാണ് മുന്നാധാരം ഹാജരാക്കുന്നതിന് ആവശ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.എന്നാല്‍ കൈവശ അവകാശം കൈമാറാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ഭൂമി അല്ലാത്തതിനാല്‍ തന്നെ റജിസ്ട്രേഷന്‍ നിഷേധിക്കാന്‍ കഴിയില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഭൂമിയുടെ അവകാശം കൈമാറുന്നതിന് നിയമപരമായി വിലക്കില്ലെന്നും കൈവശ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോ എന്ന് സബ് രജിസ്ട്രാര്‍ നോക്കേണ്ടതില്ലെന്നും മറ്റൊരു കേസില്‍ മുമ്പ് കോടതി വിധിച്ചിട്ടുള്ളതായി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.