Monday, April 29, 2024
keralaNews

പുതുപ്പള്ളിക്കാര്‍ക്ക് ഇന്ന് ‘ദുഃഖ ഞായര്‍’

പുതുപ്പള്ളിക്കാര്‍ക്ക് ഇന്ന് ‘ദുഃഖ ഞായര്‍’ ആയിരുന്നു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഇല്ലാത്ത ഒരു ഞായറാഴ്ച എന്നത് പുതുപ്പള്ളി പള്ളിയിലെ ഇടവകക്കാര്‍ക്കും നാട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിടവാങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ച, പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തില്‍ നിരവധിപ്പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തുന്നത്. മെഴുകുതിരികളും പൂക്കളുമായി എത്തുന്ന അവരെ പ്രിയ നേതാവിന്റെ ശൂന്യത വല്ലാതെ അലട്ടുന്നു.1980ലാണ് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റുന്നത്. അന്നു പുതുപ്പള്ളിക്കാര്‍ക്കു കൊടുത്ത വാക്കാണ് എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയില്‍ എത്തുമെന്നത്. 40 വര്‍ഷം മുടങ്ങാതെ ആ പതിവ് തുടര്‍ന്നു. പുതുപ്പള്ളിയെന്ന നാട് ഉമ്മന്‍ ചാണ്ടിയുടെ വികാരമായിരുന്നെങ്കില്‍ പുതുപ്പള്ളി പള്ളി ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ എക്കാലവും ഉമ്മന്‍ ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ പുതുപ്പള്ളി പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തുന്നതായിരുന്നു ശീലം.