Wednesday, May 15, 2024
keralaNews

പുതുപള്ളി മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ള ആള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും: കെപിസിസി അധ്യക്ഷന്‍

കോട്ടയം:  പുതുപള്ളി മണ്ഡലത്തില്‍, ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ള ആള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കില്ല. ആരാകണമെന്ന കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും കുടുംബം പറയുന്ന പേര് പാര്‍ട്ടി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ മകനാണോ മകളാണോ പിന്‍ഗാമിയാകുകയെന്ന ചോദ്യത്തിന്, സ്ഥാനാര്‍ത്ഥി ആരാകണമെന്ന കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി.അതേ സമയം,പുതുപള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ആവശ്യമുണ്ടൊ എന്ന് എല്ലാ പാര്‍ട്ടിക്കാരും ചിന്തിക്കണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ മത്സരം ഒഴിവാക്കണം. മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുത്. ഭരണപക്ഷവും ബിജെപിയും മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.