Sunday, May 5, 2024
keralaNews

സര്‍ക്കാരിന്റെ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്കും അന്തേവാസികള്‍ക്കും മാത്രം

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തവണയും ഉണ്ടാകുമെങ്കിലും ചില വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തും.മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്കും വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്‍പതിനായിരത്തോളം വരുന്ന അന്തേവാസികള്‍ക്കും കിറ്റ് നല്‍കുന്നതാണു സര്‍ക്കാര്‍ പരിഗണിക്കുന്നത്.500 രൂപ വില മതിക്കുന്ന സാധനങ്ങളാകും കിറ്റില്‍. സാധനങ്ങളും അളവും തീരുമാനമായിട്ടില്ല. ഇതിനു മാത്രം 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന 35.52 ലക്ഷം പിങ്ക് കാര്‍ഡ് ഉടമകളെ കൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവ് 300 കോടിയോളം രൂപയാകും.കഴിഞ്ഞ ഓണക്കാലത്ത് എല്ലാ കാര്‍ഡ് ഉടമകള്‍ക്കുമായി 13 ഇനങ്ങള്‍ അടങ്ങിയ കിറ്റാണു നല്‍കിയത്. ഇതിന് 425 കോടി രൂപ ചെലവായി. അന്ന് 90 ലക്ഷം ആയിരുന്ന കാര്‍ഡ് ഉടമകളുടെ എണ്ണം ഇപ്പോള്‍ 93.76 ലക്ഷമായി.