Sunday, April 28, 2024
Newspoliticsworld

പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രകടനം

താലിബാന്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും മൂടുന്ന വസ്ത്രം ധരിച്ച മുന്നോറോളം അഫ്ഗാന്‍ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂള്‍ യൂണിവേഴ്‌സിറ്റി പ്രഭാഷണ തിയേറ്ററില്‍ എത്തിയത്. പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു. ലിംഗവിവേചനത്തെക്കുറിച്ചുള്ള താലിബാന്റെ കര്‍ക്കശ നയങ്ങളെ അവര്‍ പിന്തുണച്ചു. പാശ്ചാത്യര്‍ക്കെതിരെ സംസാരിച്ച അവര്‍ പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുകയും, താലിബാന്‍ പതാകകള്‍ വീശുകയും ചെയ്തു.

സര്‍ക്കാരില്‍ തങ്ങളുടെ പങ്കാളിത്തത്തിന് വേണ്ടിയും, വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടിയും സ്ത്രീകള്‍ കഴിഞ്ഞ ആഴ്ചകളില്‍ കാബൂളിലും അഫ്ഗാനിസ്ഥാനിലെ മറ്റ് നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. താലിബാനികള്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവെച്ചും, പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്തിയും ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, അതിനിടയിലാണ് ഇപ്പോള്‍ ഒരുകൂട്ടം സ്ത്രീകള്‍ താലിബാന്റെ നയങ്ങളെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിനിധികളായിട്ടാണ് തങ്ങള്‍ ഇവിടെ എത്തിയിരുക്കുന്നതെന്നാണ് അവരുടെ വാദം. ‘അഫ്ഗാനിസ്ഥാന്‍ വിട്ടുപോയ സ്ത്രീകള്‍ക്ക് ഞങ്ങളെ പ്രതിനിധീകരിക്കാന്‍ സാധിക്കില്ല. മുജാഹിദീന്റെ (താലിബാന്‍) മനോഭാവത്തിലും പെരുമാറ്റത്തിലും ഞങ്ങള്‍ സംതൃപ്തരാണ്’ താലിബാനെ അനുകൂലിച്ച് കൊണ്ട് അവര്‍ പറഞ്ഞു.