Thursday, March 28, 2024
keralaNews

കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ഉടന്‍ പ്രവര്‍ത്തനം തുടങ്ങില്ല.

കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ഉടന്‍ പ്രവര്‍ത്തനം തുടങ്ങില്ല. കൊവിഡ്, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് ആരോഗ്യ വകുപ്പ് കൂടുതല്‍ ശ്രദ്ധ തിരിച്ചതോടെയാണ് നടപടികള്‍ വൈകുന്നത്. ഡോക്ടര്‍മാരടക്കമുള്ളവരുടെ നിയമനത്തിലും തീരുമാനമായിട്ടില്ല.നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോന്നി മെഡിക്കല്‍ കോളജ് വികസനമായിരുന്നു ആദ്യ പിണറായി സര്‍ക്കാര്‍ മുന്നോട്ട് വച്ച പ്രധാന അജണ്ട. അതിനായി ആശുപത്രി സന്ദര്‍ശനം,അവലോകന യോഗം ഒക്കെയായി തിരക്കിട്ട പരിപരാടികള്‍.എന്നാല്‍ ആ വേഗത കോന്നി മെഡിക്കല്‍ കോളേജ് വികസനത്തില്‍ ഇപ്പോഴില്ല. സെപ്റ്റംബര്‍ 11 ന് അത്യാഹിത വിഭാഗവും ഐസിയു ഓപ്പറേഷന്‍ തിയറ്ററുകളുടെ പ്രവര്‍ത്തനവും തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സൗകര്യങ്ങള്‍ ഒരുക്കുന്നത് എങ്ങും എത്തിയില്ല. ഐസിയു വിഭാഗത്തിലെ കിടക്കകള്‍ മാത്രമാണ് സജീകരിച്ചിട്ടുള്ളത്. മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍ പോലും സജ്ജമല്ല. നിലവിലെ സൗകര്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങുന്നത് ഭാവിയില്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തല്‍. ഓപി പ്രവര്‍ത്തനത്തിന് പിന്നാലെ കിടത്തി ചികിത്സ തുടങ്ങുകയും പിന്നീട് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.അത്യാഹിത വിഭാഗം പ്രവര്‍ത്തനത്തിന് മുന്നോടിയായി 10 ജൂനിയര്‍ റസിഡന്റ്, 18 സീനിയര്‍ റെസിഡന്റ് എട്ട് അധ്യാപകര്‍ എന്നി തസ്തികകളില്‍ നിയമനം ആവശ്യപ്പെട്ടിരുന്നു. ഇതിലും അന്തിമന തീരുമാനം ആയിട്ടില്ല. മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങാം. എന്നാല്‍ പാരിസ്ഥിതിക അനുമതി കിട്ടാത്തതിനാല്‍ അക്കാദമിക് വിഭാഗത്തിന്റെ പൂര്‍ത്തീകരണം, ക്വാര്‍ട്ടേഴ്‌സ്, ഹോസ്റ്റലുകള്‍ എന്നിവയുടെ നിര്‍മ്മാണവും പാതിവഴിയിലാണ്.