Friday, May 3, 2024
Newspolitics

പീഡന പരാതിയില്‍ പിസി ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഉപാധികളോടെയാണ് മുന്‍ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചത്. വിശദമായ വാദം കേട്ട ശേഷമാണ് തിരുവനന്തപുരം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. 

അന്വേഷണ ഉദ്യോഗസ്ഥന് എല്ലാ ശനിയാഴ്ചയും മുന്നില്‍ ഹാജരാകണം, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയിലാണ് പിസി ജോര്‍ജിനെ 354, 354 എ എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പീഡനം നടന്നത് എന്നായിരുന്നു പരാതിക്കാരിയുടെ വാദം. എന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.   

പീഡനം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ല എന്നാണ് കോടതി ചോദിച്ചത്. ഗസ്റ്റ് ഹൗസ് സെക്യൂരിറ്റിയോടോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ എന്തുകൊണ്ട് പരാതി നല്‍കിയില്ല എന്നും കോടതി ആരാഞ്ഞു. പരാതിക്കാരിയുടെ മൊഴിയില്‍ വിശ്വാസ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇത്രയും കാലം ഇത് എന്തിന് മൂടിവെച്ചുവെന്ന് ചോദിച്ച പ്രതിഭാഗം, ഇപ്പോള്‍ വെളിപ്പെടുത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടെന്ന് കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി പിസി ജോര്‍ജിന് ജാമ്യം നല്‍കിയത്. രണ്ടര മണിക്കൂറോളം വാദം നീണ്ടുനിന്നു.