Monday, May 6, 2024
keralaNewspolitics

പിസിയുടെ കസ്റ്റഡി; പോലീസിനെ വിമര്‍ശിച്ച് സംവിധായകന്‍ രാമസിംഹന്‍

എറണാകുളം: വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പിസി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്ത പോലീസിനെ വിമര്‍ശിച്ച് സംവിധായകന്‍ രാമസിംഹന്‍. പിസി ജോര്‍ജ്ജിനെ അകത്തിനാകുമായിരിക്കും.

എന്നാല്‍ അദ്ദേഹം പറഞ്ഞ വാക്കുകകള്‍ സ്വതന്ത്രമായി പുറത്തുണ്ടാകുമെന്ന് രാമസിംഹന്‍ പറഞ്ഞു. തീവ്രവാദികളെ തൃപ്ത്തിപ്പെടുത്താന്‍ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് ഈരാറ്റുപേട്ടയിലെത്തി പിസി ജോര്‍ജ്ജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കേരളം അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാമിക സംസ്ഥാനമാക്കി മാറ്റുമെന്ന തീവ്രവാദികളുടെ ശബ്ദം ഇന്നും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കേരളത്തിലെ ഇടത്-വലതുപക്ഷ സര്‍ക്കാരിനായിട്ടില്ല.

ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ മൗനം പാലിച്ച സര്‍ക്കാര്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ പിസി ജോര്‍ജ്ജിനെ ആക്രമിക്കുന്നതാണ് കാണുന്നത്. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും രാമസിംഹന്‍് പറഞ്ഞു.

രാജ്യത്തിനെതിരെ മോശമായി സംസാരിച്ചപ്പോള്‍ ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാരിനായിട്ടില്ല. നാളെ ഹിന്ദു സംസ്‌കാരത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ക്കെല്ലാം ഇതായിരിക്കും സ്ഥിതി.

ഹിന്ദു സംസ്‌കാരത്തെ ഇല്ലാതാക്കാനായി എന്തും ചെയ്യാമെന്ന നിലപാടാണ്. ഹൈന്ദവ കൂട്ടായ്മയിലാണ് അദ്ദേഹം സംസാരിച്ചത്. ഒരുവിഭാഗത്തെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണിത്. ഇതിനെതിരെ ഹിന്ദുക്കള്‍ ഒരുമിച്ച് പ്രതിഷേധിക്കണമെന്നും രാമസിംഹന്‍ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് പിസി ജോര്‍ജ്ജിനെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുന്നത്. ഐപിസി 153 എ വകുപ്പ് പ്രകാരമാണ് പിസി ജോര്‍ജ്ജിനെതിരെ കേസെടുത്തിരിക്കുന്നത്.

സ്വന്തം വാഹനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേയ്ക്ക് എത്തിക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസിന്റേതാണ് നടപടി. തിരുവനന്തപുരം എആര്‍ ക്യാമ്പിലേക്കാണ് പിസിയെ കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.