Wednesday, May 1, 2024
keralaNews

ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; ഞെട്ടല്‍ മാറാതെ വ്യാജ പോക്സോ കേസില്‍പ്പെട്ട ശ്രീനാഥ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍, പോക്സോ കേസില്‍ അറസ്റ്റിലാകുകയും ഡിഎന്‍എ ടെസ്റ്റില്‍ ആരോപണം ശരിയല്ലെന്ന് കണ്ടെത്തി ജാമ്യം ലഭിക്കുകയും ചെയ്ത കൗമാരക്കാരന്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മോചിതനായിട്ടില്ല. ”സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ നല്കണം, പക്ഷേ സ്ത്രീകളുടെ വാക്ക് മാത്രം കണക്കിലെടുത്ത് ആരെയും കേസില്‍ പ്രതിയാക്കരുത്,” മലപ്പുറം തെന്നല സ്വദേശി ശ്രീനാഥിന് സങ്കടത്തോടെ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കുറ്റം ചുമത്തിയാണ് ശ്രീനാഥിനെ (18) കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 22ന് അര്‍ധരാത്രി പോലീസ് വീട്ടില്‍ കയറി വന്ന രംഗം ശ്രീനാഥിന്റെ അമ്മയ്ക്ക് ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല. ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്ന ശ്രീനാഥിനെ അസഭ്യവര്‍ഷത്തോടെയാണ് പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയത്. അറസ്റ്റിന് പിന്നാലെ ശ്രീനാഥ് റിമാന്‍ഡിലായി.

35 ദിവസം വിവിധ സബ് ജയിലുകളില്‍ കഴിഞ്ഞു. ഒടുവില്‍ ഡിഎന്‍എ ടെസ്റ്റില്‍ ശ്രീനാഥല്ല പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ ദിവസം മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ശ്രീനാഥിനെതിരേയാണ് പെണ്‍കുട്ടി മൊഴി നല്കിയത്. മൊഴിയില്‍ കല്‍പകഞ്ചേരി പോലീസ് ശ്രീനാഥിനെ അറസ്റ്റ് ചെയ്തു. ശ്രീനാഥിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നായിരുന്നു മൊഴി. അതിനാല്‍ കേസ് പിന്നീട് തിരൂരങ്ങാടി പോലീസിന് കൈമാറി. കേസില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ നടപടിയിലേക്ക് കടന്ന പോലീസും ഇതോടെ പ്രതിക്കൂട്ടിലാണ്. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ശ്രീനാഥിനെ ഒഴിവാക്കിയിട്ടില്ല. ജാമ്യം മാത്രമാണ് ലഭിച്ചത്. ശ്രീനാഥിനെതിരെയുള്ള പരാതിയും കേസുമെല്ലാമുണ്ട്. പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്കിയ മൊഴിയും ഡോക്ടര്‍ക്ക് നല്കിയ മൊഴിയും ഇപ്പോഴുമുണ്ടെന്നും തിരൂരങ്ങാടി എസ്എച്ച്ഒ പറയുന്നു.