Monday, May 6, 2024
keralaNews

പാലക്കാട് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു.

പാലക്കാട് :പാലക്കാട് നഗരത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക്  തെരുവ് നായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശി സുല്‍ത്താനയെയാണ് തെരുവ് നായ കടിച്ചത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. മുഖത്തും കൈകാലുകളിലും കടിയേറ്റ ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാലക്കാട് ജില്ലയില്‍ ഇന്ന് മാത്രം ആറ് പേര്‍ക്കാണ് നായയുടെ കടിയേറ്റത്. മദ്രസയില്‍ പോയ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധ്യാപകനും വിദ്യാര്‍ത്ഥിയും അടക്കം നായയുടെ ആക്രമണത്തിനിരയായി. മേപറമ്പില്‍ രാവിലെ മദ്രസയില്‍ പോയ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യം കടിയേറ്റത്. അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നീ വിദ്യാര്‍ത്ഥിനികളെയാണ് നായ ആക്രമിച്ചത്. നായ കുട്ടികളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ ആള്‍ക്കും കടിയേറ്റു. മാരകമായി പരിക്കേറ്റ നെദ്ഹറുദ്ധീനെയും വിദ്യാര്‍ത്ഥികളേയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ചങ്ങല പൊട്ടിച്ചെത്തിയ വളര്‍ത്തുനായായാണ് ഇവരെ കടിച്ചത്.നെന്മാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കാണ് കടിയേറ്റത്. ബസ് ഇറങ്ങി ക്ലാസിലേക്ക് പോകുന്നതിനിടെ സ്‌കൂളിന് മുമ്പില്‍ വച്ചായിരുന്നു ആക്രമണം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. പാലക്കാട് തോട്ടര സ്‌കൂളിലെ അധ്യാപകനും നായയുടെ കടിയേറ്റു. കെ.എ ബാബുവിനെ സ്‌കൂള്‍ സ്റ്റാഫ് റൂമിന് മുന്നില്‍ വച്ചാണ് നായ ആക്രമിച്ചത്.