Monday, April 29, 2024
keralaNewsObituary

പാലക്കാട് കൊലപാതകങ്ങള്‍; ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി പോലീസ്

പാലക്കാട്: പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങള്‍.

എസ്പിമാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കും. കൊലപാതകത്തിന്റെ ഗൂഢാലോചന ഉള്‍പ്പെടെ വിശദമായി അന്വേഷിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു. പാലക്കാട് ഉന്നതതല യോഗത്തിന് ശേഷമാണ് എഡിജിപി മാദ്ധ്യമങ്ങളെ കണ്ടത്.

രണ്ട് കേസുകളിലും സംശയത്തിലുളള ആളുകളെ നിരീക്ഷിക്കുന്നുണ്ട്. ചിലരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് രേഖപ്പെടുത്തും. രണ്ട് കേസുകളിലും സംശയത്തില്‍ നില്‍ക്കുന്നവരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ശ്രീനിവാസിന്റെ കൊലപാതകം വിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും അത്തരത്തിലുളള രഹസ്യമായ ആസൂത്രണങ്ങള്‍ പോലീസിന് മനസിലാക്കുക അത്ര എളുപ്പമല്ലെന്നും വിജയ് സാഖറെ പറഞ്ഞു. രഹസ്യമായി ആസൂത്രണം ചെയ്യുന്ന ഒരു കൊലപാതകം തടയുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട ശേഷം സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനിവാസിന്റെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില സംശയകരമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കാന്‍ നാല് ടീമുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രതികളെ പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്നും വിജയ് സാഖറെ പറഞ്ഞു.

ജില്ലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

രാത്രി പട്രോളിംഗും പരിശോധനയും ഉള്‍പ്പെടെ ശക്തമാക്കും. ജില്ലയുടെ ക്രമസമാധാനം ഉറപ്പ് വരുത്താനും സുഗമമായി നടത്താനും കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.

കൈയ്യിലുളള സൂചനകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഗൂഢാലോചന ഉണ്ട്. ആരാണ് അതിന്റെ സൂത്രധാരന്‍ എന്നും എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നും കണ്ടുപിടിക്കും.

സുബൈര്‍ കേസില്‍ പ്രതികള്‍ ആരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് ഉറപ്പിക്കാന്‍ വേണ്ടിയുളള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി അഞ്ച് പ്രത്യേക ടീം രൂപീകരിച്ചു. പ്രതികളെ ഉടന്‍ പിടികൂടും.