Wednesday, May 15, 2024
keralaNews

കാഴ്ചശക്തി നഷ്ടപ്പെട്ടു ;ആനയ്ക്ക് മരുന്ന് അമേരിക്കയില്‍ നിന്ന്

കണ്ണുകള്‍ കാണാതായ ആനയ്ക്ക് അമേരിക്കയില്‍ നിന്ന് മരുന്നെത്തിച്ച് ചികില്‍സ. കൊല്ലം കരുനാഗപ്പള്ളി ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ സഞ്ജയന്‍ എന്ന ആനയ്ക്കാണ് കാഴ്ച തെളിയാനായി ചികില്‍സ തുടങ്ങിയത്.ഗ്ലോക്കോമ രോഗമാണ് സഞ്ജയനെ ബാധിച്ചത്. കുറച്ചുനാള്‍ മുന്‍പ് ആദ്യം വലതു കണ്ണിന്റെ കാഴ്ചയും പിന്നാലെ ഇടതു കണ്ണിന്റെ കാഴ്ചയും മങ്ങി. കണ്ണുകാണാതായ ആനയുടെ ദുരിതം ആനപ്രേമികളെയും ഭക്തര്‍ക്കും സങ്കടമായി. ചികില്‍സയ്ക്കായി പലവഴി നോക്കിയപ്പോള്‍ രാജ്യത്ത് മരുന്ന് ലഭിക്കില്ലെന്ന് അറിഞ്ഞു. തുടര്‍ന്ന് ആനപ്രേമിയായ ആദിനാട് സ്വദേശി ഷാന്‍ കൃഷ്ണ ഫെയ്‌സ്ബുക്കിലൂടെ സഹായം തേടി. വടകര സ്വദേശിയായ അമേരിക്കന്‍ മലയാളി ശ്രീധരന്‍ സുരേന്ദ്രനാണ് ആനയ്ക്കുളള മരുന്ന് ലഭ്യമാക്കിയത്. നാല്‍പതിനായിരം രൂപയുടെ മരുന്ന് അമേരിക്കയില്‍ നിന്ന് വിമാനത്താവളത്തിലെത്തിച്ചു.ദിവസവും മൂന്നുനേരം കണ്ണില്‍ മരുന്നൊഴിക്കണം. മൂന്നുമാസത്തിന് ശേഷം കാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. നാല്‍പതു വര്‍ഷം മുന്‍പ് ഒരു ഭക്തനാണ് ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തില്‍ സഞ്ജയന്‍ എന്ന ആനയെ നടയ്ക്കിരുത്തിയത്. അന്നുമുതല്‍ ഭക്തരുടേയും ക്ഷേത്ര ഭരണസമിതി അംഗങ്ങളുടെയും കണ്ണിലുണ്ണിയാണ് സഞ്ജയന്‍.