Thursday, May 16, 2024
indiaNewsUncategorized

വിനോദ യാത്രയ്ക്ക് നിയന്ത്രണം

ചെന്നൈ: ഊട്ടി – കൊടൈക്കനാല്‍ യാത്രകള്‍ക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. മേയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ-പാസ് ഇല്ലാത്തവര്‍ക്ക് യാത്രകള്‍ക്ക് അനുമതിയുണ്ടാകില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരിലാണ് നടപടി.വാഹനത്തിന്റെ നമ്പരും, മോഡലും, വിനോദ സഞ്ചാരികളുടെ എണ്ണം എന്നീ വിവരങ്ങള്‍ ജില്ലാ ഭരണകൂടങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് ഇ-പാസ് നിര്‍ബന്ധമാക്കുന്നത്.  നീലഗിരി, ദിണ്ടിഗല്‍ കളക്ടറേറ്റുകള്‍ കൊവിഡ് കാലത്ത് നടപ്പാക്കിയതിന് സമാനമായി ഇ-പാസ് സംവിധാനം നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ എന്‍. സതീഷ്‌കുമാര്‍,ഭരത ചക്രവര്‍ത്തി എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് തിങ്കളാഴ്ച ഉത്തരവിട്ടത്. നീലഗിരി, ദിണ്ടിഗല്‍ കളകടറേറ്റുകള്‍ ഇ-പാസ് നല്‍കുന്നതില്‍ പരിധി നിശ്ചയിച്ചിട്ടില്ലെന്നും എന്നാല്‍ താമസക്കാര്‍ ഇ-പാസ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഐടി വകുപ്പിനെ സഹായിക്കാന്‍ രണ്ടു കളക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് ടോള്‍ ചാര്‍ജും ഓണ്‍ലൈനായി അടയ്ക്കാനാകും. ഇതുവഴി ചെക്ക് പോസ്റ്റുകളില്‍ തിരക്ക് കുറയ്ക്കാനും സാധിക്കും. സീസണില്‍ പ്രതിദിനം 2,000 മുതല്‍ 20,000 വരെ വിനോദ സഞ്ചാരികള്‍ എത്തുന്നതിനാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് ദിണ്ടിഗല്‍,നീലഗിരി കളക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.