Friday, May 17, 2024
indiaNewsUncategorized

ജഹാംഗിര്‍ പുരിയില്‍ ആക്രമണം: മുഖ്യപ്രതിയടക്കം 14 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാംഗിര്‍ പുരിയില്‍ ആക്രമണം നടത്തിയ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. ഇതോടെ ഹനുമാന്‍ ജയന്തി ഘോഷ യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

ഘോഷ യാത്രയ്ക്ക് നേരെ കല്ലേറ് നടത്തുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ വെടിയുതിര്‍ക്കുകയും ചെയ്ത അക്രമിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുവെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

സാഹിദ്, അന്‍ഷാര്‍, ഷഹ്സാദ്, മുക്ത്യാര്‍, മുഹമ്മദ് അലി, അമീര്‍, അക്ഷര്‍, നൂര്‍ അലം, മുഹമ്മദ് അസ്ലം, സാക്കിര്‍, അക്രം, ഇംത്യാസ്, അഹീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ അന്‍ഷാര്‍ ആണ് പ്രധാന പ്രതിയെന്ന് പോലീസ് പറയുന്നു.

ഇയാള്‍ ജഹാംഗിര്‍ പുരിയിലെ സി ബ്ലോക്കിലാണ് താമസിക്കുന്നതെന്നും പ്രദേശത്തെ പ്രധാന മുസ്ലീം നേതാവാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.അന്‍ഷാര്‍ തന്റെ കൂട്ടാളികളോടൊപ്പം ഘോഷ യാത്ര നടത്തുന്നതിനിടയ്ക്ക് കയറി തര്‍ക്കിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായി കണക്കാക്കുന്നത്.

അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്ന അസ്ലം എന്ന പ്രതിയുടെ കയ്യിലാണ് തോക്കുണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. കസ്റ്റഡിയിലെടുത്തവരെയും അറസ്റ്റിലായവരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഡല്‍ഹി. ജഹാംഗിര്‍ പുരി പ്രദേശത്തും വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഹനുമാന്‍ ജയന്തി ദിനമായ ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.

ഘോഷ യാത്രയ്ക്ക് നേരെ നടന്ന മതമൗലികവാദികളുടെ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു പോലീസുകാരന് വെടിയേല്‍ക്കുകയും ചെയ്തു.