Monday, May 6, 2024
indiaNewspolitics

പരിസ്ഥിതി സംരക്ഷണത്തിനായി കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് നിന്നും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം.                                           

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് രാജ്യത്ത് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. നിരോധനം കൃത്യമായി നടപ്പില്‍ വരുത്താന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

പരിസ്ഥിതിക്ക് വലിയ തോതില്‍ നാശം വരുത്തുന്ന, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനവും, ഇറക്കുമതിയും, ശേഖരണവും, വിതരണവും, വില്‍പ്പനയും ഉപയോഗവും ജൂലൈ 1 മുതല്‍ രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിക്കുകയാണ്.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍, മലിനീകരണ നിയന്ത്രണത്തിനായുള്ള സുപ്രധാന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുകയാണ്. വനം, പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.               

ഭുപ്രകൃതിക്കും സമുദ്ര ആവാസവ്യവസ്ഥയ്ക്കും ഇത്തരം പ്ലാസ്റ്റിക് ദോഷകരമാണെന്ന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ഒരു ആഗോള ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ, പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇയര്‍ ബഡുകള്‍, ബലൂണുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഭാഗങ്ങള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായികളുടെയും ഐസ്‌ക്രീമിന്റെയും സ്റ്റിക്കുകള്‍,

അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് കത്തികള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, ട്രേകള്‍, പ്ലാസ്റ്റിക് ക്ഷണക്കത്തുകള്‍, സിഗററ്റ് പാക്കറ്റുകള്‍, നൂറ് മൈക്രോണില്‍ താഴെയുള്ള പിവിസി ബാനറുകള്‍ എന്നിവയുടെ ഉപയോഗം രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിക്കപ്പെടും.