Monday, April 29, 2024
indiaNewsObituary

തമിഴ്നാട്ടില്‍ ബിജെപി ദളിത് മോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ബിജെപി ദളിത് മോര്‍ച്ച ചെന്നൈ സൗത്ത് നേതാവ് ബാലചന്ദര്‍ (30) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. രാത്രി ചിന്താരിപ്പെട്ടിലെ സാമിനായകന്‍ സ്ട്രീറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച് നില്‍ക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സമീപത്തെ കടയിലേക്ക് ചായ കുടിയ്ക്കാനായി പോയി. ഈ തക്കം നോക്കിയായിരുന്നു അക്രമി സംഘം എത്തിയത്. ബാലചന്ദറിന് നേരത്തെ വധഭീഷണി നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറുടെ സുരക്ഷയും നല്‍കിയിരുന്നു.

ഇരുചക്രവാഹനങ്ങളില്‍ എത്തിയ അക്രമികള്‍ അദ്ദേഹത്തെ സുഹൃത്തുക്കളുടെ മുന്‍പില്‍ ഇട്ട് തലങ്ങുംവിലങ്ങും വെട്ടുകയായിരുന്നു. ഇത് തടയാനായി സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിയെത്തിയതും അക്രമികള്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് നിഗമനം. പ്രതികള്‍ക്കായി പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ്.

ചൊവ്വാഴ്ച രാവിലെ കന്യാകുമാരിയില്‍ ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയില്‍ നേതാവിനെ കൊലപ്പെടുത്തിയത്.

ബിജെപി നേതാക്കള്‍ക്ക് നേരെ നിരന്തരമായുണ്ടാകുന്ന ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ രംഗത്ത് എത്തി. ഡിഎംകെ സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. സാധാരണക്കാര്‍ക്ക് പോലീസിനെ കൊണ്ട് ഒരു ഉപകാരവും ഇല്ല.

പാര്‍ട്ടിയ്ക്ക് നഷ്ടമായത് ഒരു കുടുംബാംഗത്തെയും രക്ഷകനെയുമാണ്. കൊലപാതകികളെ എത്രയും വേഗം പിടികൂടണമെന്നും അണ്ണാമലൈ പറഞ്ഞു.